ധോണിയില്ലാത്ത ടി20 ലോകകപ്പ് ടീമോ; ചിന്തിക്കാനാകില്ലെന്ന് മുന്‍ താരം

By Web TeamFirst Published Mar 19, 2020, 2:43 PM IST
Highlights

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്

മുംബൈ: എം എസ് ധോണിയില്ലാത്ത ടി20 ലോകകപ്പിലേക്കാണോ കാര്യങ്ങളുടെ പോക്ക്. ധോണിയുടെ തിരിച്ചുവരവിനുള്ള അവസാന അവസരമായ ഐപിഎല്‍ പ്രതിസന്ധിയിലായതോടെയാണ് ഈ ആശങ്ക ഉടലെടുത്തത്. 

എന്നാല്‍ ധോണിയില്ലാത്ത ടി20 ലോകകപ്പിനെ കുറിച്ച് ഇന്ത്യന്‍ ടീമിന് സങ്കല്‍പിക്കാനാകില്ലെന്ന് പറയുന്നു മുന്‍ ഓപ്പണർ വസീം ജാഫർ. വിക്കറ്റിന് പിന്നിലും ലോവർ ഓർഡർ ബാറ്റിംഗിലും മുതല്‍ക്കൂട്ടായ ധോണി ഫോമിലും ഫിറ്റുമാണെങ്കില്‍ മറ്റൊന്നിനെ കുറിച്ചും ടീമിന് ചിന്തിക്കാനാവില്ല. ധോണിയുടെ വരവ് രാഹുലിന്‍റെ സമ്മർദം കുറയ്ക്കുകയും ആവശ്യമെങ്കില്‍ ഇടംകൈയന്‍ ബാറ്റ്സ്‍മാനായി ഋഷഭ് പന്തിനെ കളിപ്പിക്കാനാകും എന്നും ജാഫർ ട്വീറ്റ് ചെയ്തു. 

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. രണ്ട് മാസത്തെ ഇടവേളയെടുക്കുന്നു എന്നുപറഞ്ഞ ധോണി എട്ട് മാസത്തോളമായി കളത്തിന് പുറത്താണ്. ഐപിഎല്ലിലൂടെ ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ കൊവിഡ് 19 കാരണം ഐപിഎല്‍ നടക്കുമോ എന്ന് ഉറപ്പിക്കാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ധോണിയുടെ ടീമിലേക്കുള്ള മടങ്ങിവരവ് എന്ന് പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മടങ്ങിവരവ് ധോണിക്ക് അത്ര എളുപ്പമല്ല എന്ന വിലയിരുത്തലാണ് മുന്‍താരം വീരേന്ദർ സെവാഗിനുള്ളത്. 

Read more:ഇനിയൊരു തിരിച്ചുവരവില്ല? ധോണിയെ കുറിച്ച് നിർണായക പ്രവചനവുമായി സെവാഗ്

നാല്‍പ്പത്തിരണ്ടുകാരനായ വസീം ജാഫർ അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് വസീം ജാഫര്‍. കരിയറിലെ ഏറിയ കാലവും മുംബൈക്കായി കളിച്ച താരം പിന്നീട് വിദര്‍ഭക്കായും പാഡുകെട്ടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ജാഫര്‍ 256 മത്സരങ്ങളില്‍ നിന്ന് 19,211 റണ്‍സ് സ്വന്തമാക്കി. 

click me!