അഹമ്മദാബാദ്: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ തിരിച്ചുവരവിനായി ക്രിക്കറ്റ് ആരാധകർ നീണ്ട കാത്തിരിപ്പിലാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ധോണിയുടെ തിരിച്ചുവരവ് എളുപ്പമല്ല എന്ന് പറയുന്നു മുന്‍ ഓപ്പണർ വീരേന്ദർ സെവാഗ്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഏകദിന ലോകകപ്പ് സെമിയിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. 

ധോണിയെ എവിടെ ഉള്‍ക്കൊള്ളിക്കും. കെ എല്‍ രാഹുലും ഋഷഭ് പന്തും ഫോമിലാണ്. അതിനാല്‍ അവരെ പിന്തുണയ്‍ക്കാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ല. ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റമുണ്ടാക്കും. പാണ്ഡ്യയെ പോലൊരു ഓള്‍റൌണ്ടർ ഉണ്ടെങ്കില്‍ ടീമിന്‍റെ സന്തുലിതാവസ്ഥ മാറും. രഞ്ജി ട്രോഫിയില്‍ വിരാട് കോലിയും ശിഖർ ധവാനും ഋഷഭ് പന്തും ഇശാന്ത് ശർമ്മയും അടക്കമുള്ള താരങ്ങളുടെ അഭാവം ദില്ലിക്ക് തിരിച്ചടിയായെന്നും വീരു പറഞ്ഞു. 

ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റിനോട് ഇതുവരെ വിടപറഞ്ഞിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‍സിനായി കളിച്ച് ധോണി ഇന്ത്യന്‍ ടീമിലെത്തും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 കാരണം ഐപിഎല്‍ പ്രതിസന്ധിയിലായ ഘട്ടത്തില്‍ ധോണിയുടെ ക്രിക്കറ്റ് ഭാവി കണ്ടറിയണം. 

മുപ്പത്തിയെട്ടുകാരനായ ധോണിയെ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയിരുന്നു. ധോണി 350 ഏകദിനങ്ങളും 90 ടെസ്റ്റും 98 ടി20യും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 10773ഉം ടെസ്റ്റില്‍ 4876ഉം ട്വന്‍റി 20യില്‍ 1617 റണ്‍സും നേടി. വിക്കറ്റിന് പിന്നില്‍ 829 പേരെ പുറത്താക്കാനും മഹിക്കായി. ഐസിസി ഏകദിന- ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഏക നായകനാണ് ധോണി.