പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സ്വകാര്യ ഫോറത്തെ ചോദ്യം ചെയ്ത് തുറന്ന അന്വേഷണം വേണമെന്ന് ഡേവിഡ് വാര്‍ണര്‍ ആവശ്യപ്പെട്ടു. അന്ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന സംഭവങ്ങള്‍ക്ക് സാക്ഷികളായവര്‍ കാര്യങ്ങള്‍ തുറന്നുപറയണമെന്ന് അദ്ദേഹം പറഞ്ഞു.

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. സംഭവത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനായി ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നോട്ടുവെച്ച പുതിയ സ്വകാര്യ ഫോറം മുഴുവന്‍ സത്യങ്ങളും പുറത്തുകൊണ്ടുവരുമോ എന്ന കാര്യത്തിലും വാര്‍ണര്‍ സംശയം പ്രകടിപ്പിച്ചു. വിവാദത്തില്‍ പങ്കാളിയായതിനെത്തുടര്‍ന്ന് 12 മാസത്തെ വിലക്ക് നേരിട്ട വാര്‍ണര്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നടന്ന സംഭവങ്ങള്‍ക്ക് സാക്ഷികളായവര്‍ മുന്നോട്ടുവന്ന് കാര്യങ്ങള്‍ തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടു.

മുന്‍ സഹതാരം ഉസ്മാന്‍ ഖവാജ തന്റെ പുസ്തകത്തില്‍ പങ്കുവെച്ച ഓര്‍മ്മക്കുറിപ്പുകളെ പിന്തുണച്ച വാര്‍ണര്‍, തുറന്ന അന്വേഷണത്തിലൂടെ മാത്രമേ സംഭവങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കൂ എന്നും കൂട്ടിച്ചേര്‍ത്തു. ''അന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് മുന്നോട്ടുവന്ന് സംസാരിക്കാന്‍ കഴിയുന്ന തുറന്നതും സ്വതന്ത്രവുമായ ഒരു അന്വേഷണമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയും മുന്‍ ജീവനക്കാരും തമ്മില്‍ രഹസ്യമായി എന്താണ് സംസാരിച്ചതെന്ന് നമുക്കറിയില്ല. അതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.'' വാര്‍ണര്‍ വ്യക്തമാക്കി.

2018ലെ സംഭവങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി ഒരു സ്വതന്ത്ര ഫോറം രൂപീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഒ ടോഡ് ഗ്രീന്‍ബെര്‍ഗും ബോര്‍ഡ് അംഗം ഡേവിഡ് ബൂണും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ണറുടെ പ്രതികരണം. ആദ്യ അന്വേഷണത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കോ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കോ വേണ്ടിയുള്ളതാണ് ഈ ഫോറം. എന്നാല്‍ ഇതൊരു പുതിയ അന്വേഷണമല്ലെന്നും, പഴയ കണ്ടെത്തലുകള്‍ പുനഃപരിശോധിക്കാനോ കൂടുതല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ടോഡ് ഗ്രീന്‍ബെര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ ഇപ്പോഴും വേട്ടയാടുന്ന ഈ വിവാദത്തിന് ഒരു പരിഹാരമായാണ് ഫോറത്തെ കാണുന്നതെന്ന് ഡേവിഡ് ബൂണും പറഞ്ഞു. എന്നാല്‍, സുരക്ഷിതവും സ്വകാര്യവുമായ ഒരു വേദി എന്നതിലുപരി പൊതുജനങ്ങള്‍ക്ക് മുന്നില്‍ സത്യം വെളിപ്പെടുത്തുന്ന പ്രക്രിയയാണ് വേണ്ടതെന്നാണ് വാര്‍ണറുടെ നിലപാട്. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കേപ്ടൗണ്‍ ടെസ്റ്റിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദം.

കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമം കാണിക്കുന്നത് ക്യാമറയില്‍ പതിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും പദ്ധതിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് വാര്‍ണറെയും സ്മിത്തിനെയും 12 മാസത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു.

YouTube video player