ടി20യിലും ഇന്ത്യ ജയത്തോടെ തുടങ്ങി; ലങ്കയെ തകര്‍ത്തത് 38 റണ്‍സിന്

By Web TeamFirst Published Jul 25, 2021, 11:40 PM IST
Highlights

കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.1 ഓവറില്‍ 126ന് എല്ലാവരും പുറത്തായി.

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 38 റണ്‍സിന്റെ ജയം. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.1 ഓവറില്‍ 126ന് എല്ലാവരും പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ നാലും ദീപക് ചാഹര്‍  രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, സൂര്യകുമാര്‍ യാദവ് (50), ശിഖര്‍ ധവാന്‍ (46) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (20 പന്തില്‍ 27) ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. 

165 വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് 50 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മിനോദ് ഭാനുക (10), ധനഞ്ജയ ഡിസല്‍വ (9), അവിഷ്‌ക ഫെര്‍ണാണ്ടോ (26) എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. തുടക്കത്തിലെ ഈ തകര്‍ച്ചയില്‍ നിന്ന് ആതിഥേയര്‍ക്ക് രക്ഷപ്പെടാനായില്ല. ചരിത് അസലങ്ക (44) ഒഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. അഷന്‍ ഭണ്ഡാര (9), ദസുന്‍ ഷനക (16), വാനിഡു ഹസരങ്ക (0), ചാമിക കരുണാരത്‌നെ (3), ഇസുരു ഉഡാന (1), ദുഷ്മന്ത ചമീര (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അകില ധനഞ്ജയ (1) പുറത്താവാതെ നിന്നു. ഭുവി, ചാഹര്‍ എന്നിവര്‍ക്ക് പുറമെ ക്രുനാല്‍ പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ അരങ്ങേറ്റക്കാരന്‍ പൃഥ്വി (0) പുറത്തായി. മൂന്നാം നമ്പറില്‍ കളിച്ച സഞ്ജുവും ക്യാപ്റ്റന്‍ ധവാനുമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹസരങ്കയുടെ പന്തില്‍ സഞ്ജു വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഒരു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. 

നാലാമതായി ക്രീസിലെത്തിയ സൂര്യകുമാര്‍ തന്റെ മികച്ച ഫോം ടി20യിലും തുടര്‍ന്നു. കേവലം 34 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ധവാനൊപ്പം 62 റണ്‍സും കൂട്ടിച്ചേര്‍ത്തു. ധവാന്‍ മടങ്ങിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. 

ഇരുവരും മടങ്ങിയതോടെ പ്രതീക്ഷിച്ച സ്‌കോറിലേക്ക് ഇന്ത്യക്ക് ഉയരാന്‍ സാധിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 10) നിരാശപ്പെടുത്തി. ഇഷാന്‍ കിഷനാണ് (14 പന്തില്‍ പുറത്താവാതെ 20) സ്‌കോര്‍ 160 കടത്തിയത്. ക്രുനാല്‍ പാണ്ഡ്യ (3) പുറത്താവാതെ നിന്നു. വാനിഡു ഹസരങ്ക, ദുഷ്മന്ത ചമീര ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!