എവിടെ നിന്നാണ് ഇത്രയും യുവതാരങ്ങള്‍; ഇന്ത്യയില്‍ യുവതാരങ്ങളെ വാര്‍ത്തെടുക്കുന്ന യന്ത്രമുണ്ടോ എന്ന് ഇന്‍സി

By Web TeamFirst Published Mar 25, 2021, 8:00 PM IST
Highlights

ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് കണ്ട് ക്രിക്കറ്റ് ലോകം അമ്പരക്കുമ്പോള്‍ ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് നായകനായ ഇന്‍സമാം ഉള്‍ ഹഖ്. ഇത്രമാത്രം യുവതാരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയുടെ കൈവശം വല്ല യന്ത്രവുമുണ്ടോ എന്നാണ് ഇന്‍സിയുടെ ചോദ്യം.

കറാച്ചി: ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളില്‍ പകരക്കാരായി വന്ന് താരങ്ങളായ ഒരുപിടി ഇന്ത്യന്‍ താരങ്ങളുണ്ട്. ഓസ്ട്രേലിയക്കെതിരെ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും ഷര്‍ദ്ദുല്‍ ഠാക്കൂറും വാഷിംഗ്ടണ്‍ സുന്ദറും ടി നടരാജനും, ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അക്സര്‍ പട്ടേലും ടി20യില്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഏകദിനങ്ങളില്‍ ക്രുനാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയുമെല്ലാം അവരില്‍ ചിലരാണ്.

ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് കണ്ട് ക്രിക്കറ്റ് ലോകം അമ്പരക്കുമ്പോള്‍ ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് നായകനായ ഇന്‍സമാം ഉള്‍ ഹഖ്. ഇത്രമാത്രം യുവതാരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയുടെ കൈവശം വല്ല യന്ത്രവുമുണ്ടോ എന്നാണ് ഇന്‍സിയുടെ ചോദ്യം. ഓരോ പരമ്പരയിലും പുതിയ താരങ്ങളെ കണ്ടെത്തുന്ന ഇന്ത്യയുടെ കൈവശം യുവതാരങ്ങളെ വാര്‍ത്തെടുക്കുന്ന യന്ത്രമുണ്ടോ എന്നാണ് എന്‍റെ സംശയം.

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിലുമുണ്ടായിരുന്നു അരങ്ങേറ്റം ഗംഭീരമാക്കിയ രണ്ട് പുതുമുഖങ്ങള്‍. എന്തായാലും ഇത്രമാത്രം യുവതാരങ്ങള്‍ വരുമ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാതെ ടീമില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും ഇന്‍സമാം തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. യുവുതാരങ്ങള്‍ മത്സരങ്ങള്‍ ജയിപ്പിക്കുന്ന ട്രെന്‍ഡ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പരമ്പര മുതലാണ് താന്‍ ശ്രദ്ധിച്ചു തുടങ്ങിയതെന്നും ഇന്‍സി പറയുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം മുതലാണ് ഞാനിക്കാര്യം ശ്രദ്ധിക്കുന്നത്. ഓരോ മത്സരത്തിലും പുതുമുഖങ്ങളെത്തി മികവുറ്റ പ്രകടനം നടത്തുന്നു. സീനിയര്‍ താരങ്ങള്‍ക്ക് അവരുടേതായ റോളുണ്ട്. പക്ഷെ ജൂനിയര്‍ താരങ്ങള്‍ വന്ന് ഇ തലത്തിലുള്ള പ്രകടനം പുറത്തെടുക്കുമ്പോള്‍ ആ ടീമിനെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. ഇന്ത്യയുടെ കഴിഞ്ഞ ആറു മാസത്തെ മികച്ച പ്രകടനത്തിന് പിന്നില്‍ യുവതാരങ്ങളുടെ സാന്നിധ്യമാണ്.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ക്രുനാല്‍ പാണ്ഡ്യ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയതെന്നും ഇന്‍സി പറഞ്ഞു. ഇന്ത്യ 270-280 റണ്‍സെ നേടിയിരുന്നുള്ളുവെങ്കില്‍ ഇംഗ്ലണ്ട് അത് ചേസ് ചെയ്യുമായിരുന്നു. എന്നാല്‍ അവര്‍ അധികമായി നേടിയ 30 റണ്‍സാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയതെന്നും ഇന്‍സി പറഞ്ഞു.

click me!