ഓപ്പണര്‍മാര്‍ മടങ്ങി, ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലേക്ക്

By Web TeamFirst Published Jun 22, 2021, 11:51 PM IST
Highlights

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. അഞ്ചാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 64 എന്ന നിലയിലാണ് ഇന്ത്യ. റിസര്‍വ് ദിനം മാത്രം മുന്നില്‍ നില്‍ക്കെ 32 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്്‌സ് സ്‌കോറായ 217നെതിരെ ന്യസിലന്‍ഡ് 249 റണ്‍സിന് പുറത്തായിരുന്നു. 32 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കിവീസിന് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. അഞ്ചാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 64 എന്ന നിലയിലാണ് ഇന്ത്യ. റിസര്‍വ് ദിനം മാത്രം മുന്നില്‍ നില്‍ക്കെ 32 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം സമനിലയില്‍ അവസാനിക്കും. ചേതേശ്വര്‍ പൂജാര (12), വിരാട് കോലി (8) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (30), ശുഭ്മാന്‍ ഗില്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ടിം സൗത്തിക്കാണ് രണ്ട് വിക്കറ്റുകളും.

നിരാശപ്പെടുത്തി രോഹിത്തും ഗില്ലും

ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഓപ്പണിംഗ് വിക്കറ്റില്‍ 24 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഗില്ലാണ് ആദ്യം മടങ്ങിയത്. സൗത്തിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രോഹിത് പിടിച്ചുനില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതേ രീതിയില്‍ പുറത്തായി. സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സായിരിക്കെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് കോലിയും പൂജാരയും വിക്കറ്റുകള്‍ നഷ്ടമാവാതെ സൂക്ഷമതയോടെ കളിച്ച് അവസാനദിനം പൂര്‍ത്തിയാക്കി. 

കളിയുടെ ദിശ മാറ്റി ഷമി

അഞ്ചാം ദിനമായ ഇന്ന് കളിയാരംഭിക്കുമ്പോള്‍ നായകന്‍ കെയ്ന്‍ വില്യംസണും(12*), റോസ് ടെയ്‌ലറുമായിരുന്നു(0*) ക്രീസില്‍. ന്യൂസിലന്‍ഡ് സ്‌കോര്‍ 101/2. എന്നാല്‍ 37 ബോളുകള്‍ നേരിട്ട് 11 റണ്‍സ് മാത്രം കുറിച്ച ടെയ്ലറെ ഷമി, ഗില്ലിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ തിരിച്ചുവരവിന്റെ സൂചന കാട്ടി. ഹെന്റി നിക്കോള്‍സ് 23 പന്ത് നേരിട്ട് 7 റണ്‍സുമായി രണ്ടാം സ്ലിപ്പില്‍ രോഹിത്തിന്റെ കൈകളിലെത്തി. ഇഷാന്ത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. ആറാമനായി ക്രീസിലെത്തിയ ബി ജെ വാട്ലിംഗിനെയും കാലുറപ്പിക്കാന്‍ ഷമി സമ്മതിച്ചില്ല. ഒന്നാന്തരമൊരു ഗുഡ് ലെങ്ത് പന്ത് മിഡില്‍ സ്റ്റംപ് പിഴുതു. മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് സമ്പാദ്യം.

മതില്‍കെട്ടി വില്യംസണ്‍

പൊരുതിക്കളിച്ച നായകന്‍ കെയ്ന്‍ വില്യംസണിനൊപ്പം കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം കിവികളെ അഞ്ചാം ദിനം രണ്ടാം സെഷന്‍ കടത്തി. എന്നാല്‍ എല്‍ബിയുമായി ഷമി എത്തിയതോടെ 30 പന്തില്‍ 13 റണ്‍സുമായി ഗ്രാന്‍ഡ്ഹോം മടങ്ങി. ഇതോടെ ഇന്ത്യ പിടിമുറുക്കി. എട്ടാമനായെത്തിയ കെയ്ല്‍ ജാമീസണ്‍ എത്രയും വേഗം ന്യൂസിലന്‍ഡിന് ലീഡ് സമ്മാനിക്കാനുള്ള തിടുക്കത്തിലായിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായ രണ്ടാം സിക്സറിന് ശ്രമിച്ച ജാമീസണെ ബുമ്രയുടെ കൈകളിലെത്തിച്ച് വീണ്ടും ഷമി ആഞ്ഞടിച്ചു. സ്‌കോര്‍-192-7. ജാമീസണ്‍ 16 പന്തില്‍ 21 റണ്‍സ് നേടി. പിന്നാലെ വില്യംസണ്‍-സൗത്തി സഖ്യം കിവീസിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

അവസാനം സ്പിന്നര്‍മാര്‍

എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് തൊട്ടരികെ വില്യംസണെ ഇഷാന്ത് സ്ലിപ്പില്‍ കോലിയുടെ കൈകളില്‍ ഭദ്രമാക്കി. 177 പന്തുകള്‍ നീണ്ടുനിന്ന വില്യംസണിന്റെ പ്രതിരോധത്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം 49 റണ്‍സാണുണ്ടായിരുന്നത്. സൗത്തി കിവികളുടെ ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് നില്‍ വാഗ്‌നറെ(5 പന്തില്‍ 0) അശ്വിന്‍ രഹാനെയുടെ കൈകളിലാക്കി. അവസാനക്കാരനായി ക്രീസിലെത്തിയ ട്രെന്‍ഡ് ബോള്‍ട്ട്(8 പന്തില്‍ 7*) പുറത്താകാതെ നിന്നപ്പോള്‍ 46 പന്തില്‍ 30 റണ്‍സെടുത്ത സൗത്തിയെ ബൗള്‍ഡാക്കിജഡേജ കിവീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. മികച്ച തുടക്കത്തിന് ശേഷം ടോം ലാഥം(30), ദേവോണ്‍ കോണ്‍വേ(54) എന്നിവരെ കിവികള്‍ക്ക് മൂന്നാം ദിനം നഷ്ടമായിരുന്നു. നാലാം ദിനം മഴമൂലം റോസ്ബൗളില്‍ കളി നടന്നിരുന്നില്ല.

ഇന്ത്യയെ തകര്‍ത്തത് ജാമീസണ്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 217 റണ്‍സില്‍ പുറത്തായിരുന്നു. 22 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കെയ്ല്‍ ജാമീസണാണ് ഇന്ത്യയെ തകര്‍ത്തത്. രോഹിത് ശര്‍മ്മ(34), ശുഭ്മാന്‍ ഗില്‍(28), ചേതേശ്വര്‍ പൂജാര(8), വിരാട് കോലി(44), അജിങ്ക്യ രഹാനെ(49), റിഷഭ് പന്ത്(4), രവീന്ദ്ര ജഡേജ(15), രവിചന്ദ്ര അശ്വിന്‍(22), ഇഷാന്ത് ശര്‍മ്മ(4), ജസ്പ്രീത് ബുമ്ര(0), മുഹമ്മദ് ഷമി(4) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍.ജാമീസണിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പുറമെ ട്രെന്‍ഡ് ബോള്‍ട്ടും നീല്‍ വാഗ്നറും രണ്ട് പേരെ വീതവും ടിം സൗത്തി ഒരാളെയും പുറത്താക്കി.

click me!