'അവരും മനുഷ്യരാണ്'; ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ കളിക്കാര്‍ക്ക് വിശ്രമം വേണമെന്ന് രവി ശാസ്ത്രി

By Web TeamFirst Published Feb 5, 2021, 9:50 PM IST
Highlights

ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഐപിഎല്ലിന് ശേഷം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിശ്രമം അനിവാര്യമാണ്. ഇംഗ്ലണ്ട് പരമ്പരക്ക് തൊട്ടുപിന്നാലെ ഐപിഎല്‍ വരുന്നതിനാല്‍ ഐപിഎല്ലിന് ശേഷം മാത്രമെ വിശ്രമം ലഭിക്കാന്‍ സാധ്യതയുള്ളു.

ചെന്നൈ: ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിശ്രമം അനിവാര്യമാണെന്ന് പരിശീലകന്‍ രവി ശാസ്ത്രി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി ബയോ സെക്യുര്‍ ബബ്ബിളില്‍ കഴിയേണ്ടി വരുന്നത് കളിക്കാരെ ശാരീരികമായും മാനസികമായും തളര്‍ത്തുമെന്നും രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഐപിഎല്ലിന് ശേഷം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിശ്രമം അനിവാര്യമാണ്. ഇംഗ്ലണ്ട് പരമ്പരക്ക് തൊട്ടുപിന്നാലെ ഐപിഎല്‍ വരുന്നതിനാല്‍ ഐപിഎല്ലിന് ശേഷം മാത്രമെ വിശ്രമം ലഭിക്കാന്‍ സാധ്യതയുള്ളു. കാരണം തുടര്‍ച്ചയായി ബയോ സെക്യുര്‍ ബബ്ബിളില്‍ കഴിയുന്ന കളിക്കാര്‍ ശാരീരികമായും മാനസികമായും തളര്‍ന്നുപോവും. ആത്യന്തികമായി അവരും മനുഷ്യരാണ്-രവി ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ ഐപിഎല്ലിനുശേഷം ഓസ്ട്രേലിയക്കെതിരെ രണ്ട് മാസം നീണ്ട പരമ്പരയില്‍ കളിച്ച ഇന്ത്യന്‍ ടീം ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുകയാണ്. ഇതിന് പിന്നാലെ ഏപ്രില്‍-മെയ് മാസങ്ങളിലായി വീണ്ടും ഐപിഎല്‍ എത്തും. അതിനുപിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ അതിലും ഇന്ത്യ പങ്കെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് രവി ശാസ്ത്രിയുടെ പ്രസ്താവന.

click me!