അവസാന ഓവറുകളില്‍ റണ്ണൊഴുക്ക്; ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

By Web TeamFirst Published Jul 20, 2021, 7:01 PM IST
Highlights

കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചരിത് അസലങ്ക (65), ആവിഷ്‌ക ഫെര്‍ണാണ്ടോ (50), ചാമിക കരുണാരത്‌നെ (33 പന്തില്‍ പുറത്താവാതെ 44) എന്നിവവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 276 റണ്‍സ് വിജയ ലക്ഷ്യം. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചരിത് അസലങ്ക (65), ആവിഷ്‌ക ഫെര്‍ണാണ്ടോ (50), ചാമിക കരുണാരത്‌നെ (33 പന്തില്‍ പുറത്താവാതെ 44) എന്നിവവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫെര്‍ണാണ്ടോ- മിനോദ് ഭാനുക (36) സഖ്യം ലങ്കയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹലിന്റെ ഇരട്ട പ്രഹരം ലങ്കയെ ബാക്ക്ഫൂട്ടിലാക്കി. 14-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ മിനോദ്, ഭാനുക രാജപക്‌സ (0) എന്നിവരെയാണ് ചാഹല്‍ മടക്കിയത്. നാലാമനായി ക്രീസിലെത്തിയത് ധനഞ്ജയ ഡിസില്‍വ സിംഗിളുകളും ഡബിളുമായി താരം പതുക്കെ കളം പിടിച്ചു. 

ഫെര്‍ണാണ്ടോയ്‌ക്കൊപ്പം നാലാം വിക്കറ്റില്‍ 47 കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിനിടെ ഫെര്‍ണാണ്ടോ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ നേരിട്ട അടുത്ത പന്തില്‍ താരം പവലിയനിലേക്ക് മടങ്ങി. ഭുവനേശ്വറിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. വൈകാതെ ധനഞ്ജയയും മടങ്ങി. ചാഹറാണ് ധനഞ്ജയയെ മടക്കിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയും (16), വാനിഡു ഹസരങ്ക (8) ചെറുത്തുനില്‍ക്കാതെ മടങ്ങി. ചാഹലും ചാഹറും വിക്കറ്റ് പങ്കിട്ടെടുത്തു. കരുണാരത്‌നെയെ കൂട്ടുപിടിച്് അസലങ്ക നടത്തിയ പോരാട്ടാമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അവസാനങ്ങളില്‍ കരുണാരത്‌നെ ആഞ്ഞടിച്ചപ്പോള്‍ സ്‌കോര്‍ 275ലെത്തി. ഇതിനിടെ ലക്ഷന്‍ സന്ധാകന്‍ റണ്ണൗട്ടായി. കഷുന്‍ രജിത (1) പുറത്താവാതെ നിന്നും.

 

ചാഹല്‍, ഭുവി എന്നിവര്‍ക്ക് പുറമെ ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒരു മാറ്റവും കൂടാതെയാണ് ഇന്ത്യ ഇറങ്ങിയത്. ശ്രീലങ്ക ഒരു മാറ്റം വരുത്തി. ഇസുരു ഉഡാനയ്ക്ക് പകരം കഷുന്‍ രജിത ടീമിലെത്തി. മലയാളിതാരം സഞ്ജു സാംസണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇടം നേടാനായില്ല. രണ്ടാം ഏകദിനത്തില്‍ സഞ്ജു കളിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്ലയിംഗ്് ഇലവനില്‍ ഇടം നേടാനായില്ല. 

ഇന്ത്യ: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, മനീഷ് പാണ്ഡെ, സൂര്യുകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍.

ശ്രീലങ്ക: അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭാനുക, ഭാനുക രാജപക്‌സ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലങ്ക, ദസുന്‍ ഷനക, വാനിഡു ഹസരങ്ക, ചാമിമ കരുണരത്‌നെ, കഷുന്‍ രജിത, ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍.

click me!