
ഉജ്ജയിന്‍: കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് തുടങ്ങിയവരാണ് ഇന്ന് രാവിലെ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.
റിഷഭ് പന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനാണ് തങ്ങള്‍ ക്ഷേത്രത്തിലെത്തിയതെന്നും അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് തങ്ങളെ സംബന്ധിച്ചിടത്തോളം അത്രമാത്രം പ്രധാനപ്പെട്ടതാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ശിവ ക്ഷേത്രത്തിലെ പ്രശസ്തമായ ബാബ മഹാകല്‍ ഭസ്മ ആരതിയിലും താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. പരമ്പരാഗതവേഷമായ മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് താരങ്ങള്‍ ക്ഷേത്രത്തിലെത്തിയത്.
നാളെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഏകദിന പരമ്പര നേടിയെങ്കിലും മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ശ്രമിക്കുക എന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
ടോം ലാഥമിനെതിരായ അനാവശ്യ സ്റ്റംപിംഗ്; സസ്പെന്‍ഷനില്‍ നിന്ന് രക്ഷപ്പെട്ടു; ഇഷാന്‍ കിഷന് താക്കീത്
അതേസമയം, കഴിഞ്ഞ മാസം അവസാനമുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പന്തിന് ഇനിയും ശസ്ത്രക്രിയകള്‍ ആവശ്യമില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ആശുപത്രി വിടാനാവും എന്നാണ് കരുതുന്നത്. കാലിലെ ലിഗ്മെന്‍റിനേറ്റ പൊട്ടലിന് വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരികയാണെങ്കില്‍ പന്തിന് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പും നഷ്ടമാകുമെന്നാണ് സൂചന.
പരിക്കില്‍ നിന്ന് മോചിതനായി മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ പന്തിന് കുറഞ്ഞത് ആറ് മാസമെങ്കിലും സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്. ഏപ്രിലില്‍ തുടങ്ങുന്ന ഐപിഎല്ലും അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും പന്തിന് നഷ്ടമാവുമെന്ന് നേരത്തെ ബിസിസിഐ സ്ഥിരീകരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!