ശ്രീലങ്കയ്ക്ക് എതിരായ ടീം പ്രഖ്യാപനം ചൊവ്വാഴ്‌ച; സഞ്ജു സാംസണിന് സാധ്യത- റിപ്പോര്‍ട്ട്

By Web TeamFirst Published Dec 25, 2022, 12:19 PM IST
Highlights

റിഷഭ് പന്ത് ട്വന്‍റി 20 ടീമില്‍ നിന്ന് പുറത്താവലിന്‍റെ വക്കിലായതിനാല്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടി20 ടീമിലേക്ക് ക്ഷണം കിട്ടാനിട

മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. ഏകദിന ടീമിലേക്ക് രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും തിരിച്ചെത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയാവും ടി20 ക്യാപ്റ്റന്‍ എന്നും ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഹിത്തും ബുമ്രയും ജഡേജയും ട്വന്‍റി 20 പരമ്പര കളിക്കാനുള്ള സാധ്യത കുറവാണ്. ഇതോടൊപ്പം വിരാട് കോലി കെ എല്‍ രാഹുല്‍ എന്നിവരും ട്വന്‍റി 20 പരമ്പരയില്‍ ടീമിലുണ്ടാവാന്‍ സാധ്യതയില്ല. റിഷഭ് പന്ത് ടി20 ടീമില്‍ നിന്ന് പുറത്താവലിന്‍റെ വക്കിലുമാണ്. രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും മുഖ്യ പരിശീലകന്‍. 

'രോഹിത് ശര്‍മ്മയുടെ പരിക്ക് 100 ശതമാനം മാറിയിട്ടില്ല. അതിനാല്‍ തന്നെ റിസ്‌ക് എടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ജഡേജയും ബുമ്രയും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും വേഗം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നു. ഇരുവരും ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചാല്‍ സെലക്ഷന് തയ്യാറാകും. ജോലിഭാരം പരിഗണിച്ച് ഏകദിന ടീമിലേക്ക് മാത്രമാകും രോഹിത്തും ബുമ്രയും ജഡേജയും എത്താനിട. ടി20യില്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ജഡേജയും ബുമ്രയും ഫിറ്റാണ്. മുഴുവൻ സമയ ബൗളിംഗിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ജഡേജയും ബൗളിംഗ് പുനരാരംഭിച്ചു. എന്നാല്‍ ഇരുവരും ടി20യിൽ തിരിച്ചെത്തുമോ എന്നത് സെലക്ടർമാരുടെ തീരുമാനം അനുസരിച്ചിരിക്കും. പക്ഷേ പെട്ടെന്നൊരു തിരിച്ചുവരവിന് സാധ്യതയില്ല' എന്നും മുതിര്‍ന്ന ബിസിസിഐ പ്രതിനിധി ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു. 

ബംഗ്ലാദേശിന് എതിരായ രണ്ടാം ഏകദിനത്തിനിടെയാണ് രോഹിത്തിന്‍റെ വിരലിന് പരിക്കേറ്റത്. ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര വരാനുള്ളതിനാല്‍ രോഹിത്തിന്‍റെ കാര്യത്തില്‍ സാഹസിക തീരുമാനങ്ങള്‍ ബിസിസിഐ കൈക്കൊള്ളില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടണമെങ്കില്‍ ഓസീസിനെതിരായ പരമ്പര അതിനിര്‍ണായകമാണ്. റിഷഭ് പന്ത് ട്വന്‍റി 20 ടീമില്‍ നിന്ന് പുറത്താവലിന്‍റെ വക്കിലായതിനാല്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടി20 ടീമിലേക്ക് ക്ഷണം കിട്ടാനിടയുണ്ട്. ഇരുവരും രഞ്ജി ട്രോഫിയില്‍ ഫോമിലാണ്. ജനുവരി മൂന്ന്(മുംബൈ), അഞ്ച്(പുനെ), 7(രാജ്‌കോട്ട്) തിയതികളിലാണ് ലങ്കയ്ക്ക് എതിരായ ട്വന്‍റി 20 മത്സരങ്ങള്‍. ഇതിന് ശേഷം ജനുവരി 10(ഗുവാഹത്തി), 12(കൊല്‍ക്കത്ത), 15(തിരുവനന്തപുരം) തിയതികളിലാണ് ഏകദിന മത്സരങ്ങള്‍. 

ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ മത്സരക്രമം പ്രഖ്യാപിച്ചു, ഏകദിന പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്ത്

click me!