ആക്കര്‍മാന്റെ സെഞ്ചുറിയിലും ഇന്ത്യക്ക് ലീഡ്; ദക്ഷിണാഫ്രിക്കയെ 221 എറിഞ്ഞിട്ട് ബൗളര്‍മാര്‍

Published : Nov 07, 2025, 05:56 PM IST
KL Rahul

Synopsis

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ലീഡ് നേടി. മാര്‍ക്വേസ് ആക്കര്‍മാന്റെ (134) സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്ക 221 റണ്‍സെടുത്തു. 

ബംഗളൂരു: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ മെച്ചപ്പെട്ട ലീഡിലേക്ക്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 112 റണ്‍സിന്റെ ലീഡുണ്ട് ഇന്ത്യക്ക്. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 255നെതിരെ ദക്ഷിണാഫ്രിക്ക 221ന് എല്ലാവരും പുറത്തായിരുന്നു. 134 റണ്‍സെടുത്ത മാര്‍ക്വേസ് ആക്കര്‍മാനാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 34 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (26), കുല്‍ദീപ് യാദവ് (0) എന്നിവരാണ് ക്രീസില്‍.

അഭിമന്യൂ ഈശ്വരന്‍ (0), സായ് സുദര്‍ശന്‍ (23), ദേവ്ദത്ത് പടിക്കല്‍ (24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒകുലെ സെലെ രണ്ട് വിക്കറ്റ് വീഴ്ത്തി. ടിയാന്‍ വാന്‍ വൂറന്‍ ഒരു വിക്കറ്റും നേടി. നേരത്തെ ഏഴിന് 121 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ആക്കര്‍മാന്റെ സെഞ്ചുറിയാണ് കരകയറ്റിയത്. വാലറ്റത്ത് പ്രെണേളന്‍ സുബ്രായേനൊപ്പം 86 റണ്‍സ് ചേര്‍ക്കാന്‍ ആക്കര്‍മാന് സാധിച്ചു. എന്നാല്‍ സുബ്രായേന്‍ റണ്ണൗട്ടായത് തിരിച്ചടിയായി. ആക്രമിച്ച് ബാറ്റ് വീശിയ ആക്കര്‍മാന്‍ ദക്ഷണാഫ്രിക്കയെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചു. അഞ്ച് സിക്‌സും 17 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഒകുലെ സെലെയാണ് (0) പുറത്തായ മറ്റൊരു താരം. ഷെപോ മൊറേകി (4) പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്ക തകര്‍ന്ന് തുടങ്ങി

ഇന്ന് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 12 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ആകാശ് ദീപാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ലെസേഗോ സെനോക്വാനെ (0) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. ആകാശിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്ന താരം. പിന്നാലെ സുബൈര്‍ ഹംസയെ (8) മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തെംബ ബവൂമയെ (0), ആകാശ് ഗോള്‍ഡന്‍ ഡക്കാക്കുകയും ചെയ്തതോടെ മൂന്നിന് 12 എന്ന നിലയിലായി സന്ദര്‍ശകര്‍. പിന്നീട് ജോര്‍ദാന്‍ ഹെര്‍മാന്‍ (26) മാര്‍ക്വെസ് അക്കര്‍മാന്‍ സഖ്യം 64 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് കൂട്ടതര്‍ച്ച ഒഴിവാക്കിയത്. എന്നാല്‍ 26-ാം ഓവറില്‍ ഹര്‍മാനെ പുറത്താക്കി പ്രസിദ്ധ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതേ ഓവറില്‍ കോന്നോര്‍ എസ്തര്‍ഹുസേയും (0) പ്രസിദ്ധ് മടക്കി. പിന്നാലെ ടിയാന്‍ വാന്‍ വൂറനെ (6) കുല്‍ദീപ് ബൗള്‍ഡാക്കി. പിന്നാലെ കെയ്ല്‍ സിമോണ്‍സും (5) മടങ്ങിയതോടെ ഏഴിന് 121 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. തുടര്‍ന്നായിരുന്നു ആകര്‍മാന്റെ രക്ഷാപ്രവര്‍ത്തനം.

ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെ

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 86 എന്ന നിലയിലായിരുന്നു ഇന്ത്യ. അഭിമന്യു ഈശ്വരന്റെ (0) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മൊറേകിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. പിന്നാലെ രാഹുലും (19) പവലിയനിലെത്തി. 19 റണ്‍സെടുത്ത രാഹുലിനെ വുറന്‍ പുറത്താക്കുകയായിരുന്നു. സായ് സുദര്‍ശന്‍ (17), ദേവ്ദത്ത് പടിക്കല്‍ (5), റിഷഭ് പന്ത് (24) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 86 എന്ന നിലയിലായി ഇന്ത്യ.

ഒരറ്റത്ത് വിക്കറ്റ് നഷ്ടമാവുമ്പോഴും ജുറല്‍ നടത്തിയ പോരാട്ടമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഹര്‍ഷ് ദുബെ (14), ആകാശ് ദീപ് (0) എന്നിവര്‍ കൂടി പുറത്തായതോടെ ഏഴ്ിന് 126 എന്ന നിലയിലായി ഇന്ത്യ. സ്‌കോര്‍ 150 കടക്കില്ലെന്ന തോന്നലുണ്ടാക്കി. എന്നാല്‍ കുല്‍ദീപ് യാദവ് ഒരറ്റത്ത് ഉറച്ച് നിന്ന് പിന്തുണ നല്‍കിയതോടെ ജുറല്‍ റണ്‍സ് കണ്ടെത്തിയ. 20 റണ്‍സ് മാത്രമെ കുല്‍ദീപ് നേടിയതെങ്കിലും 80 പന്തുകള്‍ നേരിട്ടിരുന്നു. കുല്‍ദീപ് റണ്ണൗട്ടായി. തുടര്‍ന്നെത്തിയ മുഹമ്മദ് സിറാജും (15) ചെറിയ സംഭാവന നല്‍കി മടങ്ങി. പ്രസിദ്ധ് കൃഷ്ണയാണ് (0) പുറത്തായ മറ്റൊരു താരം. 175 പന്തുകള്‍ നേരിട്ട ജുറല്‍ നാല് സിക്‌സും 12 ഫോറും നേടിയിരുന്നു.

ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍, അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍, ധ്രുവ് ജൂറല്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

PREV
Read more Articles on
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം