മുന്നില്‍ നിന്ന് നയിച്ച് വെയ്‌ഡ്; ഇന്ത്യക്കെതിരെ ഓസീസിന് മികച്ച തുടക്കം

By Web TeamFirst Published Dec 6, 2020, 2:12 PM IST
Highlights

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 

സിഡ്‌നി: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. നായകന്‍റെ കുപ്പായമണിയുന്ന മാത്യൂ വെയ്‌ഡ് ആദ്യ ഓവര്‍ മുതല്‍ അടി തുടങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 59 റണ്‍സ് ചേര്‍ത്തു ഓസ്‌ട്രേലിയ. വെയ്‌ഡ് 47* റണ്‍സുമായും സ്‌മിത്ത് അക്കൗണ്ട് തുറക്കാതെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഒന്‍പത് പന്തില്‍ 9 റണ്‍സെടുത്ത ഡാര്‍സി ഷോര്‍ട്ടിനെ നടരാജന്‍ പുറത്താക്കി. 

ചാഹറിന്‍റെ ആദ്യ ഓവറില്‍ 13 റണ്‍സ് നേടിയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. രണ്ടാം ഓവറില്‍ സുന്ദറെ ഇറക്കി സ്‌പിന്‍ പരീക്ഷണം നടത്തിയപ്പോഴും വെയ്ഡ് അടി തുടര്‍ന്നു. മൂന്നാം ഓവറില്‍ താക്കൂര്‍ എട്ടില്‍ ചുരുക്കിയെങ്കിലും അടുത്ത ഓവറില്‍ സുന്ദറെ വീണ്ടും ശിക്ഷിച്ചു(15 റണ്‍സ്). റണ്‍നിരക്ക് കുറയ്‌ക്കാന്‍ അഞ്ചാം ഓവറില്‍ കോലി നടരാജനെ വിളിച്ചപ്പോള്‍ അയ്യരുടെ ഗംഭീര ക്യാച്ചില്‍ ഡാര്‍സി ഷോര്‍ട്ട് പുറത്താവുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഓസ്‌ട്രേലിയ 47 റണ്‍സ് ചേര്‍ത്തു. 

വന്‍ മാറ്റങ്ങളുമായി ടീമുകള്‍

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മനീഷ് പാണ്ഡെയ്‌ക്ക് പകരം ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്‌വേന്ദ്ര ചാഹലും മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂറും ടീമിലെത്തി. 

പരിക്കേറ്റ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് പകരം മാത്യൂ വെയ്ഡാണ് ഓസീസിനെ നയിക്കുന്നത്. ഫിഞ്ചിന് പകരം മാര്‍ക്കസ് സ്റ്റോയിനിസ് ടീമിലെത്തി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ആന്‍ഡ്രൂ ടൈ ടീമിലെത്തി. ജോഷ് ഹേസല്‍വുഡിന് പകരം ഡാനിയേല്‍ സാംസും ടീമിലെത്തി.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍
താക്കൂര്‍, ദീപക് ചാഹര്‍, ടി നടരാജന്‍, യൂസ്‌വേന്ദ്ര ചാഹല്‍.

ഓസ്‌ട്രേലിയ: ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്ക സ് സ്‌റ്റോയിനിസ്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മൊയ്‌സസ് ഹെന്റിക്വെസ്, മാത്യു വെയ്ഡ്,
ഡാനിയേല്‍ സാംസ്, സീന്‍ അബോട്ട്, മിച്ചല്‍ സ്വെപ്‌സണ്‍, ആഡം സാംപ, ആഡ്രൂ ടൈ.

'ബൗളറോടുള്ള അനീതി'; സ്വിച്ച് ഹിറ്റിനെതിരെ ഷെയ്ന്‍ വോണും രംഗത്ത്

click me!