സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ടീം ഇന്ത്യക്കും ക്യാപ്റ്റന്‍ വിരാട് കോലിക്കും മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. വിരാട് കോലി പരമ്പരയിലെ ഒരേയൊരു ടെസ്റ്റില്‍ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ കോലിയെ എങ്ങനെ പുറത്താക്കാമെന്നത് മാത്രമാണ് ഓസീസ് ടീമിന്‍റെ ആലോചനയെന്നും ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

കോലി മഹാനായ കളിക്കാരനും മികച്ച നായകനുമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ച് വളരെക്കൂടുതല്‍ ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഇക്കാര്യം ഞാന്‍ ആവര്‍ത്തിച്ച് പറയാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ തന്ത്രങ്ങളൊരുക്കി തന്നെയാണ് ഞങ്ങള്‍ ഇത്തവണ ഇറങ്ങുന്നത്. കാരണം ഇന്ത്യക്ക് കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോലി എത്രമാത്രം പ്രധാനപ്പെട്ട കളിക്കാരനാണെന്ന് ഞങ്ങള്‍ക്കറിയാം.

അദ്ദേഹത്തെ പുറത്താക്കാന്‍ എല്ലാ തന്ത്രങ്ങളും ഞങ്ങള്‍ പരീക്ഷിക്കും. അദ്ദേഹത്തെ പുറത്താക്കുകയാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. കാരണം കോലി ക്രീസിലുണ്ടെങ്കില്‍ അത് കളിയിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണെന്നും ലാംഗര്‍ പറഞ്ഞു. ഞങ്ങളെപ്പോഴും വികാരങ്ങളെക്കാള്‍ കഴിവിനാണ് മുന്‍തൂക്കം നല്‍കുന്നത്. വികാരപ്രടനങ്ങളുണ്ടാകാം. എങ്കിലും അത് പരമാവധി നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്നും ലാംഗര്‍ വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരെ കോലിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഓസ്ട്രേലിയക്കെതിരെ കളിച്ച 34 ഇന്നിംഗ്സുകളില്‍ ഏഴ് സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയുമടക്കം 48.60 ശരാശരിയില്‍ 1604 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഓസ്ട്രേലിയയില്‍ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ 55 ആണ് കോലിയുടെ ബാറ്റിംഗ് ശരാശരി.