ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ഇരട്ട സെഞ്ചുറിയോടെ രണ്ടാം സ്ഥാനത്തെത്തിയിരുന്ന ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 886 റേറ്റിംഗ് പോയന്‍റുമായി കോലി രണ്ടാം സ്ഥാനത്ത് തിരിച്ചെത്തിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്നതാണ് വില്യംസണ് സ്ഥാനം നഷ്ടമാവാന്‍ കാരണം. ഓസീസ് താരം സ്റ്റീവ് സ്മിത്ത് 911 റേറ്റിംഗ് പോയന്‍റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 877 റേറ്റിംഗ് പോയന്‍റാണ് മൂന്നാം സ്ഥാനത്തുള്ള വില്യംസണുള്ളത്. മാര്‍നസ് ലാബുഷെയ്ന്‍ നാലാമതും ബാബര്‍ അസം അഞ്ചാമതും ഡേവിഡ് വാര്‍ണര്‍ ആറാമതുമുള്ള റാങ്കിംഗില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ഏഴാം സ്ഥാനത്തുണ്ട്.  

പത്താം സ്ഥാനത്തുള്ള ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ബൗളിംഗ് റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രയും പത്താം സ്ഥാനത്തുള്ള  രവിചന്ദ്ര അശ്വിനും മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാര്‍.

ബൗളര്‍മാരില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ മൂന്നാമതും അശ്വിന്‍ ആറാമതുമാണ്.