ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത; രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു

By Web TeamFirst Published Dec 15, 2020, 5:07 PM IST
Highlights

യുഎഇയില്‍ നടന്ന ഐപിഎല്ലിനിടെ പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് നായകന്‍ ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പരിമിത ഓവര്‍ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല.

ദില്ലി: അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തിരിച്ചു. ദുബായ് വഴിയാണ് ഓസ്‌ട്രേലിയയിലേക്ക് രോഹിത്തിന്‍റെ യാത്ര എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഡ്‌ലെയ്‌ഡില്‍ 17-ാം തീയതി ആരംഭിക്കുന്ന പകല്‍-രാത്രി ടെസ്റ്റില്‍ കളിക്കാനാകില്ലെങ്കിലും പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഹിറ്റ്‌മാന് ഇറങ്ങാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. 

യുഎഇയില്‍ നടന്ന ഐപിഎല്ലിനിടെ പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് നായകന്‍ ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. നവംബര്‍ 19 മുതല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍(എന്‍സിഎ) ചികില്‍സയിലും പരിശീലനത്തിലുമായിരുന്ന രോഹിത് ഫിറ്റ്‌നസ് തെളിയിച്ചാണ് ഓസ്‌ട്രേലിയയിലേക്ക് പറന്നത്. ബാറ്റിംഗ്, ഫീല്‍ഡിംഗ്, വിക്കറ്റിനിടയിലെ ഓട്ടം തുടങ്ങി രോഹിത്തിന്‍റെ ഫിറ്റ്‌നസ് സമഗ്രമായി പരിശോധിച്ച ശേഷമാണ് എന്‍സിഎ ക്ലീന്‍ചിറ്റ് നല്‍കിയത്. 

ഓസ്‌ട്രേലിയയില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ താരം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫിസിയോയ്‌ക്കൊപ്പം രോഹിത് ക്വാറന്‍റീന്‍ ദിവസങ്ങളില്‍ കൂടുതല്‍ പരിശീലനം നടത്തും. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ ടീമിന്‍റെ മെഡിക്കല്‍ സംഘത്തിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാവും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ രോഹിത് കളിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ജനുവരി ഏഴ് മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. 

ശുഭ്മാന്‍ ഗില്ലിനെ കളിപ്പിക്കേണ്ടത് ആറാം നമ്പറില്‍; വ്യക്തമാക്കി അജിത് അഗാര്‍ക്കര്‍

click me!