'കോലി തോല്‍ക്കാന്‍ ആഗ്രഹിക്കാത്തവന്‍'; ഓസീസിന് മുന്നറിയിപ്പുമായി മുന്‍ പരിശീലകന്‍

By Web TeamFirst Published Nov 17, 2020, 2:11 PM IST
Highlights

ഓസ്‌ട്രേലിയയില്‍ ഇന്ത്യ മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുമാണ് കളിക്കുക. നവംബര്‍ 27നാണ് ആദ്യ ഏകദിനം.

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ പ്രശംസ കൊണ്ടുമൂടി ഓസ്‌‌ട്രേലിയന്‍ മുന്‍ പരിശീലകന്‍ ഡാരന്‍ ലീമാന്‍. ഒരിക്കലും തോല്‍ക്കാന്‍ ആഗ്രഹിക്കാത്ത പോരാളിയാണ് കോലി എന്നാണ് ലീമാന്‍റെ വാക്കുകള്‍. 

'എല്ലാ മത്സരങ്ങളും കോലിക്ക് ജയിക്കണം. പൂര്‍ണ ഊര്‍ജത്തോടെ എപ്പോഴും കളിക്കുന്ന കോലിക്ക് തോല്‍ക്കാനേ ആഗ്രഹമില്ല' എന്നും ലീമാന്‍ പറഞ്ഞു. കോലിയുടെ സ്‌പിരിറ്റിനെ ഓസ്‌ട്രേലിയന്‍ മുന്‍താരം ഗ്രെഗ് ചാപ്പലും പ്രശംസിച്ചു. 'ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളും ആധുനിക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചൊലുത്തുന്ന താരങ്ങളില്‍ ഒരാളുമാണ് കോലി. ശക്തമായ കാഴ്‌ചപ്പാടുകളാണ് മൈതാനത്ത് അദേഹത്തിനുള്ളത്' എന്നാണ് ചാപ്പല്‍ പറഞ്ഞത്. 

ഓസ്‌ട്രേലിയയില്‍ ഇന്ത്യ മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുമാണ് കളിക്കുക. നവംബര്‍ 27നാണ് ആദ്യ ഏകദിനം. ഏകദിന പരമ്പരയ്‌ക്ക് ശേഷം ഡിസംബര്‍ നാലിന് ടി20 പരമ്പര ആരംഭിക്കും. എന്നാല്‍ അഡ്‌ലെയ്‌ഡില്‍ 17-ാം തിയതി നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് തിരിക്കും. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് കോലി മടങ്ങുന്നത്. കോലിയില്ലാത്തത് നഷ്ടമാകുമെന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍, ബൗളര്‍മാരായ നേഥന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

കോലി കടലാസ് ക്യാപ്റ്റനെന്ന ട്രോളിന് ലൈക്കടിച്ച് സൂര്യകുമാര്‍ യാദവ്

ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം 14 ദിവസത്തെ ക്വാറന്‍റീനിലാണ്. കൊവിഡ് പരിശോധനയില്‍ താരങ്ങളും പരിശീലകര്‍ ഉള്‍പ്പടെയുള്ള സ്റ്റാഫും നെഗറ്റീവ് ആയതോടെ താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ പരിശീലന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ നിര്‍ണായകമാവുക ആരാവും; പേരുമായി മഗ്രാത്ത്

click me!