സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി നാല് ടെസ്റ്റുകളും കളിക്കില്ല. ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. ഇതോടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് കരുത്ത് ചോരും എന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാല്‍ ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് പറയുന്നത് ഇത് മറ്റൊരു താരത്തിന് തന്‍റെ പ്രതിഭ അടയാളപ്പെടുത്താനുള്ള അവസരമൊരുക്കും എന്നാണ്. 

'രോഹിത് ശര്‍മ്മ മികച്ച ബാറ്റ്സ്‌മാനാണ്. അദേഹത്തിന്‍റെ നിലവാരം പരിഗണിച്ചാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അത്രത്തോളം മികവ് കണ്ടിട്ടില്ല എന്നാണ് എന്‍റെ അഭിപ്രായം. വിരാട് കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ രോഹിത് തന്‍റെ നിലവാരത്തിലേക്ക് ഉയര്‍ന്നേക്കാം. ഒരു താരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, കെ എല്‍ രാഹുല്‍ എന്നീ മികച്ച താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. കോലി പോകുമ്പോള്‍ മറ്റൊരു താരത്തിന് പരമ്പര അടയാളപ്പെടുത്താനുള്ള അവസരം കൂടിയാണ് ഒരുങ്ങുക. അത് ചിലപ്പോള്‍ രോഹിത് ശ‍ര്‍മ്മയായേക്കാം' എന്നും മഗ്രാ പറഞ്ഞു. 

ദക്ഷിണ ഓസ്ട്രേലിയയില്‍ കൊവിഡ് പടരുന്നു; ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റും ആശങ്കയില്‍

ഓസ്‌ട്രേലിയയില്‍ മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുകളുമാണ് ഇന്ത്യന്‍ ടീം കളിക്കുക. ഈമാസം 27ന് തുടങ്ങുന്ന ഏകദിന പരമ്പരയ്‌ക്ക് ശേഷമാണ് ട്വന്റി 20 മത്സരങ്ങൾ. ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവും. വിദേശത്ത് ഇന്ത്യയുടെ ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റാണ് അഡ്‌ലെയ്‌ഡില്‍ അരങ്ങേറുക. ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായക ചുമതലയാവും രോഹിത് ശര്‍മ്മയ്‌ക്ക്. ടെസ്റ്റ് ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച ശേഷം ആദ്യ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി ചരിത്രമെഴുതിയ രോഹിത് ശര്‍മ്മയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍. 

സ്മിത്തിനെയും വാര്‍ണറെയും വീഴ്ത്താന്‍ തന്ത്രങ്ങളുണ്ടെന്ന് പൂജാര