നൈക്കിക്ക് പകരം പുതിയ കിറ്റ് സ്‌പോണ്‍സര്‍; ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ കളിക്കുക പുതിയ ജഴ്‌സിയില്‍

By Web TeamFirst Published Nov 17, 2020, 12:00 PM IST
Highlights

പുരുഷ ടീമിനൊപ്പം വനിത, അണ്ടര്‍ 19 ടീമുകളുടെ കിറ്റ് സ്‌പോണ്‍സര്‍മാരും എംപിഎല്‍ സ്‌പോര്‍ട്‌സ് ആയിരിക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കിറ്റ് സ്‌പോണ്‍സര്‍മാരായി എംപിഎല്‍ സ്‌പോര്‍ട്‌സുമായി(Mobile Premier League) മൂന്ന് വര്‍ഷത്തെ കരാറിലെത്തി ബിസിസിഐ. ഈ മാസം ആരംഭിക്കുന്ന കരാര്‍ 2023 ഡിസംബര്‍ വരെ നീണ്ടുനില്‍ക്കും. എംപിഎല്‍ ഭാഗമാവുന്നതോടെ ടീം ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പുതിയ കുപ്പായത്തിലാണ് കളിക്കുക. 

പുരുഷ ടീമിനൊപ്പം വനിത, അണ്ടര്‍ 19 ടീമുകളുടെ കിറ്റ് സ്‌പോണ്‍സര്‍മാരും എംപിഎല്‍ സ്‌പോര്‍ട്‌സ് ആയിരിക്കും. ടീം ഇന്ത്യയുടെ കിറ്റൊരുക്കുന്നതിന് പുറമെ ആരാധകര്‍ക്ക് വിപണിയില്‍ ന്യായ വിലയ്‌ക്ക് ഗുണനിലവാരമുള്ള ജഴ്‌സികളും ഉല്‍പന്നങ്ങളും എത്തിക്കും എംപിഎല്‍. 

2006 മുതല്‍ ഇന്ത്യന്‍ ടീമിന് ജഴ്‌സിയൊരുക്കിയിരുന്ന നൈക്കിക്ക് പകരമാണ് ഇന്ത്യന്‍ കമ്പനി കൂടിയായ എംപിഎല്‍ എത്തുന്നത്. 120 കോടിയുടേതാണ് പുതിയ കരാര്‍. എംപിഎല്‍ വില്‍ക്കുന്ന ഓരോ ജഴ്‌സിക്കും ഉല്‍പന്നങ്ങള്‍ക്കും 10 ശതമാനം തുകയും ബിസിസിഐക്ക് ലഭിക്കും. ഐപിഎല്‍ സ്‌പോണ്‍സര്‍മാരായ ഡ്രീം ഇലവന്‍, കായിക വസ്‌ത്ര നിര്‍മാണ രംഗത്തെ വമ്പന്‍മാരായ പ്യൂമ എന്നീ കമ്പനികളും കരാര്‍ ലഭിക്കാനായി മുന്‍നിരയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

🚨 NEWS 🚨: BCCI announces MPL Sports as Official Kit Sponsor for Team India

As part of a three-year deal, MPL Sports designed and manufactured jerseys will be worn by Men's, Women’s and the Under-19 INDIAN cricket teams.

More details 👉 https://t.co/Cs37w3JqiQ pic.twitter.com/VdIWcXGV8M

— BCCI (@BCCI)

മെബൈല്‍ ക്രിക്കറ്റ് ഗെയിം ആപ്ലിക്കേഷനായ എംപിഎല്‍ ഐപിഎല്ലിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും നേരത്തെ സാന്നിധ്യം അറിയിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളുടെ സ്‌പോണ്‍സര്‍മാരായിരുന്നു. അയര്‍ലന്‍ഡ്, യുഎഇ ക്രിക്കറ്റ് ബോര്‍ഡുമായും എംപിഎല്‍ സഹകരിക്കുന്നുണ്ട്. 

കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ നിര്‍ണായകമാവുക ആരാവും; പേരുമായി മഗ്രാത്ത്

click me!