
മുംബൈ: അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ സ്ഥാനമൊഴിയുകയാണെങ്കില്‍ ഇടക്കാല ക്യാപ്റ്റാനാവാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് സീനിയര്‍ ഇന്ത്യൻ താരം. എന്നാല്‍ ഈ നിര്‍ദേശം ബിസിസിഐ തള്ളിക്കളഞ്ഞുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് ശര്‍മ ഇന്ത്യൻ ക്യാപ്റ്റനായി തുടരണോ എന്ന കാര്യത്തില്‍ ബിസിസിഐയോ സെലക്ടര്‍മാരോ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പരിക്കും ജോലിഭാരവും കണക്കിലെടുത്ത് ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കില്ലെന്നാണ് സൂചന. ബുമ്ര അഞ്ച് ടെസ്റ്റുകളിലും കളിക്കാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന്‍റെ പിന്‍ഗാമിയായി ശുഭ്മമാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെ ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.
രോഹിത് ശര്‍മ ക്യാപ്റ്റനായി തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ശുഭ്മാൻ ഗില്ലിന്‍റെയും റിഷഭ് പന്തിന്‍റെയും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയും തലവേദനയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നായകനെ കണ്ടെത്തുന്നതുവെ ഇടക്കാല ക്യാപ്റ്റനാവാമെന്ന നിര്‍ദേശം സീനിയര്‍ താരം മുന്നോട്ടുവെച്ചത്. എന്നാല്‍ കോച്ച് ഗൗതം ഗംഭീറിന് താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന രീതിയോട് താല്‍പര്യമില്ലെന്നും അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് സ്ഥിരം നായകനെ തന്നെ കണ്ടെത്തണമെന്നുമാണ് ഗംഭീറിന്‍റെ നിലപാട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രോഹിത് തുടരുകയാണെങ്കില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കാനാണ് സാധ്യത. നിലവില്‍ ഏകദിനത്തിലും ടി20യിലും ഗില്‍ വൈസ് ക്യാപ്റ്റനാണ്.
ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളില്‍ തോറ്റതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യൻ ടീമിന് ഏറെ നിര്‍ണായകമാണ്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുതല്‍ എവേ വിജയങ്ങള്‍ക്ക് കൂടുതല്‍ പോയന്‍റ് ലഭിക്കുമെന്നതിനാല്‍ ഇന്ത്യക്ക് അഞ്ച് മത്സര പരമ്പരയില്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!