
ഹാമില്‍ട്ടണ്‍: മധ്യനിരയിൽ ടീം ഇന്ത്യയുടെ വിശ്വസ്‌തനാവുകയാണ് ശ്രേയസ് അയ്യർ. ഹാമിൽട്ടൺ ഏകദിനത്തിലെ സെഞ്ചുറിയോടെയാണ് ശ്രേയസ് നാലാം നമ്പർ സ്ഥാനം ഉറപ്പാക്കുന്നത്.
ടീം ഇന്ത്യ സമീപകാലത്ത് ഏറ്റവും കൂടുതൽ തിരഞ്ഞത് നാലാം നമ്പര്‍ ബാറ്റ്സ്‌മാനെ കണ്ടെത്താനായിരുന്നു. പലതാരങ്ങൾ മാറിമാറി വന്നെങ്കിലും ആർക്കും സ്ഥാനമുറപ്പിക്കാനായില്ല. എന്നാലിപ്പോൾ നാലാം നമ്പറിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ വിശ്വസ്തനാവുകയാണ് മുംബൈയുടെ മലയാളിതാരം ശ്രേയസ് അയ്യർ. ഹാമിൽട്ടൺ ഏകദിനത്തിൽ നാല് വിക്കറ്റ് തോൽവി നേരിട്ടെങ്കിലും ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത് ശ്രേയസിന്റെ കന്നിസെഞ്ചുറിയായിരുന്നു.
107 പന്തിൽ 11 ഫോറും ഒരു സിക്‌സും ഉൾപ്പടെ 103 റൺസാണ് ശ്രേയസ് നേടിയത്. നാലാം നമ്പറിൽ ഒരു ഇന്ത്യൻ ബാറ്റ്സ്‌മാൻ സെഞ്ചുറിയിലേക്കെത്തുന്നത് 464 ദിവസത്തിന് ശേഷമാണ്. 2018 ഒക്‌ടോബർ 29ന് വിൻഡീസിനെതിരെ അമ്പാട്ടി റായ്ഡുവാണ് ഇന്ത്യൻ നിരയിൽ ശ്രേയസിന് മുൻപ് സെഞ്ചുറിയിലെത്തിയ നാലാം നമ്പർ ബാറ്റ്സ്‌മാൻ.
വിദേശ പിച്ചിൽ ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്‌മാൻ സെഞ്ചുറിയിലെത്തുന്നത് നാല് വർഷത്തിന് ശേഷവും. 2016 ജനുവരിയിൽ മനീഷ് പാണ്ഡെയാണ് ശ്രേയസിന് മുൻപ് സെഞ്ചുറി നേടിയ താരം. നാലാം നമ്പറിൽ അഞ്ച് വർഷത്തിനിടെ സെഞ്ചുറിയിലെത്തുന്ന നാലാമത്തെ താരവുമായി ശ്രേയസ് അയ്യർ. പതിനാറാം ഏകദിനത്തിലാണ് ശ്രേയസ് ആദ്യ സെഞ്ചുറിയിലെത്തിയത്. 2017ൽ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 88 റൺസായിരുന്നു ഇതിന് മുൻപ് ഉയർന്ന സ്‌കോർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!