
രാജ്കോട്ട്: ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ യഷ് വർദ്ധൻ ചൗഹാന്‍റെ മികവിൽ ഓസ്‌ട്രേലിയ അണ്ടർ-19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ അണ്ടർ-19 ടീം. രാജ്കോട്ടിൽ നടന്ന രണ്ടാം യൂത്ത് ഏകദിനത്തിൽ 103 റൺസിന്‍റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ (2-0) ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചൗഹാന്‍റെ സെഞ്ചുറിയുടെയും(100 പന്തില്‍122) വി കെ വിനീത് (87), ആര്യവീർ സെവാഗ് (47) എന്നിവരുടെ ബാറ്റിംഗിന്‍റെും മികവിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 341 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 342 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ അണ്ടർ-19 41.1 ഓവറിൽ 238 റൺസിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടി ബാറ്റിംഗില്‍ തിളങ്ങിയ യഷ്‌വര്‍ധൻ ചൗഹാന്‍ രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി. സ്കോര്‍ ഇന്ത്യ അണ്ടർ-19: 341/7, ഓസ്‌ട്രേലിയ അണ്ടർ-19 41.1 ഓവറിൽ 238ന് ഓള്‍ ഔട്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ ആര്യവീർ സെവാഗ് മികച്ച തുടക്കമാണ് നൽകിയത്. 48 പന്തിൽ 47 റൺസെടുത്ത് ആര്യവീർ പുറത്തായതിന് ശേഷം ക്രീസിലൊന്നിച്ച യഷ് വർദ്ധൻ ചൗഹാനും വി കെ വിനീതും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിന് ശക്തമായ അടിത്തറയിട്ടു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 132 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
100 പന്തിൽ 15 ഫോറുകളും 2 സിക്സറുകളും അടക്കം 122 റൺസാണ് ചൗഹാൻ അടിച്ചുകൂട്ടിയത്. വിനീത് 92 പന്തിൽ 4 ഫോറും 6 സിക്സറുമടക്കം 87 റൺസെടുത്തു. 40-ാം ഓവറിൽ വിനീത് പുറത്താകുമ്പോൾ 233/3 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യയെ അവസാന ഓവറുകളിൽ ചൗഹാനും കുശാഗ്ര ഓജയും ചേർന്ന് 340 കടത്തി. ഓജ 20 പന്തിൽ 34 റൺസ് നേടി. അവസാന 10 ഓവറിൽ 106 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയയ്ക്കായി തോമസ് വാസിയോ 3 വിക്കറ്റ് വീഴ്ത്തി.
342 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ക്യാപ്റ്റൻ ജാക്ക് കൊസ്‌നെകും (81) മാത്യു ലോഗും (42) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 99 റൺസ് കൂട്ടിച്ചേർത്ത് ഭീഷണി ഉയർത്തിയെങ്കിലും 27-ാം ഓവറിൽ കൊസ്‌നെകിനെ കാവ്യ പരേഷ് പട്ടേൽ പുറത്താക്കിയതോടെ ഓസ്‌ട്രേലിയയുടെ തകര്‍ച്ച തുടങ്ങി. 44 റൺസെടുത്ത ബ്ലെയ്ക്ക് കാറ്റിൽ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും മറുഭാഗത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. അവസാന 6 വിക്കറ്റുകൾ വെറും 38 റൺസിനിടെയാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായി ചിഗുരുപതി വെങ്കട 3 വിക്കറ്റും, യഷ്‌വർദ്ധൻ ചൗഹാനും കാവ്യ പരേഷ് പട്ടേലും 2 വിക്കറ്റ് വീതവും വീഴ്ത്തി. മോഹിത് ഉൾവ ഒരു വിക്കറ്റ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!