
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ(India v West Indies) നാളെ ഇറങ്ങുമ്പോള്‍ ആരെ തള്ളും ആരെ കൊള്ളുമെന്ന തലവേദനയിലാണ് ടീം മാനേജ്മെന്‍റ്. കൊവിഡ് മുക്തരായ ശിഖർ ധവാനും(Shikhar Dhawan) ശ്രേയസ് അയ്യര്‍ക്കും(Shreyas Iyer) പുറമെ ക്വാറന്‍റൈൻ പൂർത്തിയാക്കിയ കെ എൽ രാഹുലും(KL Rahul) മായങ്ക് അഗർവാളും ടീമിനൊപ്പം ചേര്‍ന്നതോടെ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നതാണ് രോഹിത്തും ദ്രാവിഡും തലപുകക്കുന്നത്. വൈസ് ക്യാപ്റ്റൻ കൂടിയായ രാഹുൽ അന്തിമ ഇലവനില്‍ കളിക്കുമെന്നുറുപ്പാണ്.
ധവാനെയും ശ്രേയസിനെയും നാളത്തെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ധവാന്‍ മിന്നുന്ന ഫോമിലായിരുന്നുവെന്നത് രോഹിത്തിന് അവഗണിക്കാനാവില്ല. അതേസമയം, ഇവർക്കൊപ്പം കൊവിഡ് ബാധിതനായ റുതുരാജ് ഗെയ്‌ക്‌വാദ് ഇപ്പോഴും ഐസൊലേഷനിൽ തുടരുകയാണ്.
ആദ്യ മത്സരത്തിൽ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയും സംഘവും നാളെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഒന്നാം ഏകദിനത്തിൽ രോഹിത്തും ഇഷാൻ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. നാളെ രോഹിത് ഏത് സ്ഥാനത്ത് ബാറ്റുചെയ്യുമെന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ല.
യുസ്‍വേന്ദ്ര ചാഹലിന്‍റെയും വാഷിംഗ്ടൺ സുന്ദറിന്‍റെയും ബൗളിംഗ് മികവിലായിരുന്നു ഇന്ത്യ പരമ്പരയിൽ ജയിച്ച് തുടങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 60 റൺസുമായും തിളങ്ങി. വിരാട് കോലിക്ക് കഴിഞ്ഞ മത്സരത്തിലും റൺസ് കണ്ടെത്താനായില്ല. കോലി സെഞ്ച്വറി നേടിയിട്ട് രണ്ടുവർഷത്തിൽ ഏറെയായി.
പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ വിൻഡീസിന് ജയം അനിവാര്യമാണ്. ജേസൺ ഹോൾഡറുടെ പോരാട്ടമാണ് ആദ്യമത്സരത്തിൽ വിൻഡീസിനെ ആദ്യ മത്സരത്തിൽ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. നായകൻ കെയ്റോൺ പൊള്ളാർഡ്, നിക്കോളാസ് പുരാൻ എന്നിവരുടെ പ്രകടനവും വിൻഡീസിന് നിർണായകമാണ്.