
നാഗ്‌പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ തുടക്കത്തിന് ശേഷം ഓപ്പണര്‍മാരെ നഷ്ടം. നായകന്‍ ആരോണ്‍ ഫിഞ്ചിനെ(37) കുല്‍ദീപ് എല്‍ബിയിലും ഉസ്‌മാന്‍ ഖവാജയെ(38) കേദാര്‍ കോലിയുടെ കൈകളിലുമെത്തിച്ചു. ഒന്നാം വിക്കറ്റില്‍ 83 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. 21 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 113-2 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. മാര്‍ഷും(13) ഹാന്‍ഡ്‌കോമ്പുമാണ്(17) ക്രീസില്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (120 പന്തില്‍ 116) 40-ാം സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ പ്രത്യേകത. വിജയ് ശങ്കര്‍ 46 റണ്‍സെടുത്തു. ഓസീസിന് വേണ്ട് പാറ്റ് കമ്മിന്‍സ് നാലും ആഡം സാംപ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിത് ശര്‍മയെ (0) നഷ്ടമായി. ഓഫ് സ്റ്റംപിന് പുറത്ത് കുത്തിയുയര്‍ന്ന കമ്മിന്‍സിന്റെ പന്ത് ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമം പരാജയപ്പെട്ടു. തേര്‍ഡ്മാനില്‍ ആഡം സാംപ കൈയിലൊതുക്കി. ശിഖര്‍ ധവാന്‍ (21) ആവട്ടെ, മാക്‌സ്‌വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അമ്പാട്ടി റായുഡു (18)വും ഇതേ രീതിയിലാണ് പുറത്തായത്. ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
പിന്നീട് ഒത്തുച്ചേര്‍ന്ന് വിജയ് ശങ്കര്‍- കോലി സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വിജയ് മടങ്ങി. കോലി കളിച്ച ഒരു സട്രൈറ്റ് ഡ്രൈവ് പന്തെറിയുകയായിരുന്ന സാംപയുടെ കൈയില്‍ നോണ്‍ സ്‌ട്രൈക്ക് സ്റ്റംപില്‍ കൊണ്ടു. പന്ത് വിക്കറ്റില്‍ കൊള്ളുമ്പോള്‍ വിജയ് ക്രീസിന് പുറത്തായിരുന്നു. സാംപയെ കവറിന് മുകളിലൂടെ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ കേദാര്‍ ജാദവും (11) മടങ്ങി. ആരോണ്‍ ഫിഞ്ചിനായിരുന്നു ക്യാച്ച്. തൊട്ടടുത്ത പന്തില്‍ എം.എസ് ധോണിയും (0) പവലിയനില്‍ തിരിച്ചെത്തി. സാംപയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയായിരുന്നു ധോണി.
ഇതിനിടയില്‍ ആശ്വാസമായത് കോലിയുടെ ഇന്നിങ്‌സാണ്. ജഡേജയുമായി ഒത്തിച്ചേര്‍ന്ന കോലി ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 67 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനൊപ്പം ചേര്‍ത്തു. എന്നാല്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ജഡേജ (21) പുറത്തായി. കമ്മിന്‍സിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച്. അധികം വൈകാതെ കോലിയും പവലിയനില്‍ തിരികെയെത്തി. കമ്മിന്‍സ് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ സ്റ്റോയിനിസിന് ക്യാച്ച്. പുറത്താവുമ്പോള്‍ 120 പന്തില്‍ 10 ഫോറ് ഉള്‍പ്പെടെ 116 റണ്‍സ് നേടിയിരുന്നു കോലി. പിന്നീടെത്തിയവര്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കീഴടങ്ങി. കുല്‍ദീപ് യാദവിനെ (3) കമ്മിന്‍സും ജസ്പ്രീത് ബുംറയെ (0) കൗള്‍ട്ടര്‍ നൈലും മടക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!