ഇന്ത്യ - സിംബാബ്‌വെ ടി20 മത്സരത്തിനിടെ, ഇന്ത്യയുടെ മികച്ച തുടക്കത്തിന് കാരണം മെച്ചപ്പെട്ട പിച്ചാണെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
ചെന്നൈ: ഇന്ത്യ - സിംബാബ്‌വെ ടി20 ലോകകപ്പ് മത്സരത്തിന്റെ കമന്ററിക്കിടെ ആകാശ് ചോപ്രയെ തിരുത്തി സുരേഷ് റെയ്‌ന. ആകാശ് മത്സരത്തെ കുറിച്ച് വിശകലനം ചെയ്യുമ്പോഴാണ് റെയ്‌ന ഇടപ്പെട്ടത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജു സാംസണ്‍ - അഭിഷേക് ശര്‍മ സഖ്യം നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 48 റണ്‍സ് ചേര്‍ത്തിരുന്നു. സഞ്ജുവാണ് നല്‍കിയ തുടക്കം പിന്നീട് അഭിഷേക് ഏറ്റെടുക്കുകയായിരുന്നു.
ഇതിനിടെയാണ് ആകാശിന്റെ വിശകലനം വന്നത്. പിച്ച് ഇന്ന് കൂടുതല്‍ മെച്ചപ്പെട്ടതായും ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായതുമാണ് ഇന്ത്യയുടെ മികച്ച തുടക്കത്തിന് കാരണമെന്നുമാണ് ആകാശ് പറഞ്ഞത്. ടോപ്പ് ഓര്‍ഡര്‍ താളം കണ്ടെത്തുകയും ബാറ്റിംഗിലെ ലക്ഷ്യബോധം കൂടുതല്‍ വ്യക്തമാവുകയും ചെയ്തു എന്ന് അദ്ദേഹം നിരീക്ഷിച്ചു. എന്നാല്‍ സുരേഷ് റെയ്ന ഇതിനോട് ഉടന്‍ തന്നെ വിയോജിച്ചു. പിച്ച് പഴയതുപോലെ തന്നെയാണെന്നും സാഹചര്യങ്ങളില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ മാറ്റം ടീമിലെ താരങ്ങളിലാണെന്നായിരുന്നു റെയ്നയുടെ പക്ഷം. റെയ്‌ന ആകാശിനെ തുരുത്തിയതിങ്ങനെ... ''ആകാശ് ഭായ്, പിച്ച് പഴയത് തന്നെയാണ്. യഥാര്‍ത്ഥ മാറ്റം ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്ററിലാണ്. സഞ്ജു സാംസണ്‍ ടീമിലേക്ക് വന്നതാണ് ആ കരുത്തുറ്റതും പോസിറ്റീവുമായ തുടക്കത്തിന് കാരണം.'' റെയ്‌ന പറഞ്ഞു.
നേരത്തെ മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനും സഞ്ജുവിനെ വാഴ്ത്തി രംഗത്ത് വന്നിരുന്നു... ''സഞ്ജുവിന് ഇവിടെ നിന്ന് ഫൈനല്‍ വരെ ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകള്‍ കൡക്കാന്‍ കഴിയുമെങ്കില്‍, ഇന്ത്യന്‍ ടീമിന് ആവശ്യമുള്ളത് കൃത്യമായി അവന്‍ ചെയ്യുന്നു എന്നാണ് മനസിലാക്കേണ്ടത്. ആ തരത്തിലുള്ള മിന്നുന്ന തുടക്കം കളികളെ മാറ്റുന്നു. അവന്‍ സജ്ജനായാല്‍, അവന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും. സഞ്ജു ഓപ്പണിംഗ് സ്ഥാനത്ത് തുടരുകയും വലിയ സ്‌കോര്‍ നേടുകയും ചെയ്യണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. സഞ്ജു, ഇത് നിങ്ങളുടെ നിമിഷമാണ്. തുടക്കം കുറിക്കുക, അത് മുതലെടുക്കുക. ഇതിനേക്കാള്‍ വലിയ അന്താരാഷ്ട്ര വേദിയില്ല.'' അശ്വിന്‍ പറഞ്ഞു.

