
ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഗോള്‍ഡ് കോസ്റ്റില്‍ നടക്കും. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസീസും മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തി. ഗോൾഡ് കോസ്റ്റിലെ കരാരയിൽ ഉച്ചയ്ക്ക് 1.45നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
പരമ്പരയിൽ മുന്നിലെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് ശ്രദ്ധാകേന്ദ്രം. ഗിൽ വന്നതോടെ സഞ്ജു സാംസണ് ആദ്യം ഓപ്പണിംഗിലെ അവസരവും പിന്നാലെ ഇലവനിലെ സ്ഥാനവും നഷ്ടമായി. ഗില്ലിന് മൂന്ന് കളിയിൽ നേടാനായത് 57 റൺസ് മാത്രം. അഭിഷേക് ശർമ്മ നൽകുന്ന തുടക്കം ഇന്ത്യക്ക് സുപ്രധാനം. സൂര്യകുമാർ യാദവ്, തിലക് വർമ, അക്ഷർ പട്ടേൽ എന്നിവർക്കൊപ്പം വാഷിംഗ്ടൺ സുന്ദറും വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയും കൂടി ചേരുമ്പോൾ ബാറ്റിംഗ് നിരയുടെ കരുത്ത് കൂടും.
ശിവം ദുബേയ്ക്ക് പകരം നിതീഷ് കുമാർ റെഡ്ഡി ടീമിലെത്താൻ സാധ്യത. അർഷ്ദീപ് സിംഗ് തിരിച്ചെത്തിയതോടെ ബൗളിംഗ് നിര സന്തുലിതമായിട്ടുണ്ട്. ട്രാവിസ് ഹെഡിനും ഷോൺ ആബട്ടിനും വിശ്രമം നൽകിയതോടെ ഓസീസ് ടീമിൽ കാര്യമായ മാറ്റങ്ങളുറപ്പ്. ഹെഡിന് പകരം മാറ്റ് ഷോർട്ട്, ക്യാപ്റ്റൻ മിച്ച് മാർഷിന്‍റെ ഓപ്പണിംഗ് പങ്കാളിയാവും. ഗ്ലെൻ മാക്സ്‍വെല്ലും മധ്യനിരയിലേക്ക് തിരിച്ചെത്തിയേക്കും.
കരാരയിൽ ഇതിന് മുൻപ് രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ നടന്നിട്ടുളളൂ. അതില്‍ ഒരു മത്സരം 10 ഓവര്‍ മത്സരമായിരുന്നുവെന്നതിനാല്‍ പിച്ചും സാഹചര്യങ്ങളും ഇരു ടീമിനും അപരിചിതമാണ്. ടി20 ക്രിക്കറ്റില്‍ 1000 റണ്‍സെന്ന നാഴികകല്ല് പിന്നിടാന്‍ അഭിഷേക് ശര്‍മക്ക് 39 റണ്‍സും തിലക് വര്‍മക്ക് 9 റണ്‍സും മതി.