ഓസീസിനെതിരായ മൂന്നാം ഏകദിനം: രോഹിത്തിനും സംഘത്തിനും നിര്‍ണായകം! ഇന്ത്യന്‍ ടീമില്‍ മാറ്റമുറപ്പ്- സാധ്യതാ ഇലവന്‍

By Web TeamFirst Published Mar 21, 2023, 10:32 AM IST
Highlights

മുന്‍നിര ബാറ്റര്‍മാരില്‍ ആരും സ്ഥിരത കാണിക്കുന്നില്ലെന്നുള്ളതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. അതില്‍ പ്രധാനി സൂര്യകുമാര്‍ യാദവ് തന്നെ. ആദ്യ രണ്ട് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായി.

ചെന്നൈ: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം നാളെ നടക്കും. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഇരുടീമും ചെന്നൈയിലെത്തി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയും ജയിച്ചു. നാളെ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ പ്രധാന പ്രശ്‌നം പ്രധാന ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയാണ്.

മുന്‍നിര ബാറ്റര്‍മാരില്‍ ആരും സ്ഥിരത കാണിക്കുന്നില്ലെന്നുള്ളതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. അതില്‍ പ്രധാനി സൂര്യകുമാര്‍ യാദവ് തന്നെ. ആദ്യ രണ്ട് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായി. താരത്തിന് ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള വാദം ശക്തമാണ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും ആദ്യ രണ്ട് ഏകദിനത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ഏകദിനത്തിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയും സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. 

വിരാട് കോലിയായിരുന്നു രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എങ്കിലും ഏകദിനത്തില്‍ മികച്ച ഫോമിലെന്ന് പറയാറായിട്ടില്ല. മധ്യനിരയില്‍ കെ എല്‍ രാഹുലിന് മികച്ച റെക്കോര്‍ഡുണ്ടെന്നുള്ളതാണ് ഇന്ത്യയുടെ ആശ്വാസം. രവീന്ദ്ര ജഡേജയും കരുത്ത് പകരുന്നു. എന്നാല്‍ രണ്ട് ഏകദിനങ്ങളിലും നിരാശപ്പെടുത്തി. അക്‌സര്‍ പട്ടേല്‍ ബൗളിംഗിനൊപ്പം ബാറ്റിംഗിനും കരുത്ത് പകരുന്നു. അക്‌സറിനൊപ്പം നാളെ യൂസ്‌വേന്ദ്ര ചാഹലിനെ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്. കുല്‍ദീപ് രണ്ട് ഏകദിനത്തിലും അവസരം മുതലാക്കാനായില്ല. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും രണ്ടാം ഏകദിനത്തിലും അടിമേടിച്ചെങ്കിലും സ്ഥാനം നിലനിര്‍ത്തും. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

വിട്ടുകൊടുക്കാന്‍ തയ്യാറല്ല! ബ്ലാസ്‌റ്റേഴ്‌സ് കോച്ച് വുകോമാനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പടയുടെ ക്യാംപെയ്ന്‍

click me!