മുംബൈയില്‍ ബൗളര്‍മാരെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി; മുന്നറിയിപ്പുമായി വിരാട് കോലി

By Web TeamFirst Published Jan 13, 2020, 6:22 PM IST
Highlights

എന്നാല്‍ ആ വെല്ലുവിളി ടീം ഏറ്റെടുക്കണമെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു

മുംബൈ: നാളെയാണ്(ചൊവ്വാഴ്‌ച) ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര മുംബൈയില്‍ ആരംഭിക്കുന്നത്. മത്സരത്തിന് മുന്‍പ് ബൗളര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

വാംഖഡെ സ്റ്റേഡിയത്തിലെ മഞ്ഞുവീഴ്‌ച ബൗളര്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാവും എന്ന് കോലി പറയുന്നു. 'ഏകദിന മത്സരങ്ങളില്‍ പ്രത്യേകിച്ച്, വാംഖഡെയിലെ മഞ്ഞുവീഴ്‌ച വലിയ ഘടകമാണ്. ഉച്ചകഴിഞ്ഞാണ് മത്സരം ആരംഭിക്കുന്നത്. പിച്ചിന്‍റെ സ്വഭാവം മാറും, ലൈറ്റിന് കീഴെ മഞ്ഞില്‍ പന്തെറിയുക ബൗളര്‍മാര്‍ക്ക് പ്രയാസമായിരിക്കും' എന്നും കോലി പറഞ്ഞു. വാംഖഡെയില്‍ ഉച്ചകഴിഞ്ഞ് ഒന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. 

ടോപ് ഓര്‍ഡറില്‍ കടുത്ത പ്രതിസന്ധി; ഇന്ത്യ- ഓസീസ് ഏകദിനം നാളെ, സാധ്യത ടീം ഇങ്ങനെ

എന്നാല്‍ ഈ സാഹചര്യം ടീമുകള്‍ മുതലാക്കേണ്ടതുണ്ടെന്നും കോലി പറഞ്ഞു. 'ടി20 ലോകകപ്പ് നടക്കുന്ന, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടന്നുകൊണ്ടിരിക്കുന്ന വര്‍ഷമായതിനാല്‍ ഏത് ഏകദിന മത്സരത്തിലും മഞ്ഞ് അടക്കമുള്ള സാഹചര്യങ്ങളില്‍ കളിക്കുന്നത് സ്വയം പ്രതിരോധത്തിലാവാന്‍ സഹായിക്കും. പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സാഹചര്യങ്ങളില്‍ കളിക്കാന്‍ ശ്രീലങ്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലടക്കം ശ്രമിച്ചിരുന്നതായും' കോലി വ്യക്തമാക്കി.

പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണുള്ളത്. രണ്ടാം മത്സരം പതിനേഴിന് രാജ്‌കോട്ടിലും മൂന്നാം മത്സരം പത്തൊൻപതിന് ബെംഗളൂരുവിലുമാണ് നടക്കുക. ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീം വാംഖഡേ സ്റ്റേഡിയത്തിൽ ഇന്ന് പരിശീലനം നടത്തി. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, പാറ്റ് കമ്മിൻസ് തുടങ്ങിയവ‍ർ ഓസീസ് ടീമിലുണ്ട്. ഇന്ത്യന്‍ ടീമും പരിശീലനം നടത്തിയിരുന്നു.   

click me!