Asianet News MalayalamAsianet News Malayalam

ടോപ് ഓര്‍ഡറില്‍ കടുത്ത പ്രതിസന്ധി; ഇന്ത്യ- ഓസീസ് ഏകദിനം നാളെ, സാധ്യത ടീം ഇങ്ങനെ

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് നാളെ മുംബൈയില്‍ തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വാംഖഡെയില്‍ ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് കടുത്ത പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ടോപ് ഓര്‍ഡില്‍ താരങ്ങളുടെ ധാരാളിത്തമാണ് പ്രധാന പ്രശ്‌നം.

here is the probable eleven for india vs aussies first odi
Author
Mumbai, First Published Jan 13, 2020, 3:54 PM IST

മുംബൈ: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് നാളെ മുംബൈയില്‍ തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വാംഖഡെയില്‍ ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് കടുത്ത പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ടോപ് ഓര്‍ഡില്‍ താരങ്ങളുടെ ധാരാളിത്തമാണ് പ്രധാന പ്രശ്‌നം. വിശ്രമത്തിന് ശേഷം രോഹിത് ശര്‍മയും പരിക്ക് മാറിയ ശിഖര്‍ ധവാനും ഏകദിന ടീമില്‍ തിരിച്ചെത്തി. കെ എല്‍ രാഹുലും ടീമിലുണ്ട്. മൂവരും കളിക്കുമോ അല്ലെങ്കില്‍ എവിടെ കളിപ്പിക്കും എന്നൊക്കെയാണ് ടീം മാനേജ്‌മെന്റിനെ ചിന്തിപ്പിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തില്‍ സെഞ്ചുറി നേടിയെങ്കിലും ധവാന് വേണ്ടി രാഹുല്‍ വഴിമാറുമെന്നായിരുന്നു നേരത്തെ ടീം മാനേജ്‌മെന്റ് നല്‍കിയ സൂചന. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് മൂവരും ടീമില്‍ കളിക്കുമെന്നാണ്. ധവാനും രോഹിത്തുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. രാഹുല്‍ മൂന്നാമനായി ക്രീസിലെത്തി. സ്ഥിരം മൂന്നാം നമ്പറില്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലി നാലാം നമ്പറിലേക്ക് ഇറങ്ങും. 

ശ്രേയസ് അയ്യര്‍ അദ്ദേഹത്തിന് പിന്നാലെയെത്തും. രാഹുല്‍ മൂന്നാമനായി എത്തുന്നതോടെ മധ്യനിരതാരം കേദാര്‍ ജാദവിന്റെ സ്ഥാനം തെറിക്കും. വിക്കറ്റ് കീപ്പറായ ഋഷഭ് പന്താണ് പിന്നാലെയെത്തുക. പേസ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ശിവം ദുബെ ടീമിലെത്തും. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. സെപ്ഷ്യലിസ്റ്റ് പേസര്‍മാരായി മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ടീമിലെത്തും. എന്നാല്‍ ഷമിക്ക് പകരം നവ്ദീപ് സൈനിയെ ഉപയോഗിക്കാനും സാധ്യതയേറെയാണ്.

ഇന്ത്യയുടെ സാധ്യതാ ടീം

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി. 

പിച്ച് റിപ്പോര്‍ട്ട്

സ്പിന്നര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചാണ് വാംഖഡെയിലേത്. എന്നാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം ബൗളര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ല, ബൗണ്‍സും ലഭിക്കില്ല. ബാറ്റ്‌സ്മാന്മാര്‍ക്ക് സ്വര്‍ഗമാണ് വാംഖഡെ. പോരാത്തതിന് ചെറിയ ഗ്രൗണ്ടും ആയതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ടോസ് നേടുന്ന ക്യാപ്റ്റന്‍ ആദ്യ ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കും.

കാലാവസ്ഥ

ഒരുതരത്തിലും കാലാവസ്ഥ മത്സരം മുടക്കില്ലെന്നാണ് വിലയിരുത്തല്‍. മുംബൈയില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Follow Us:
Download App:
  • android
  • ios