വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം ലഭിച്ചേക്കും

Published : Oct 26, 2025, 01:08 PM IST
Harmanpreet Kaur

Synopsis

വനിതാ ഏകദിന ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സെമി ഫൈനൽ ഉറപ്പിച്ചതിനാൽ, ഓസ്‌ട്രേലിയക്കെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യ ചില പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും. 

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് 3 മണിക്ക് നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ജയിച്ച് സെമി ഫൈനലിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാനാണ് ഇന്ത്യയുടെ ശ്രമം. ന്യൂസിലന്‍ഡിനെതിരായ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനല്‍ ഉറപ്പിച്ചത്. ഇന്ന് ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

പ്രാഥമിക ഘട്ടത്തില്‍ ഓസീസ് വനിതകള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെയാണ് അവര്‍ക്ക് ഇന്ത്യയെ ലഭിക്കുക. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് നേര്‍ക്കുനേര്‍ വരിക. ഈ മാസം 30ന് നവി മുംബൈയിലാണ് മത്സരം. ഏഴില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഓസീസ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 13 പോയിന്റാണ് ഓസീസിന്. ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒരു മത്സരത്തിന് മഴയെ തുടര്‍ന്ന് ഫലമുണ്ടായില്ല. ഇന്ത്യക്ക് ആറ് മത്സരങ്ങളില്‍ മൂന്ന് വീതം തോല്‍വിയും ജയവുമാണുള്ളത്. ആറ് പോയിന്റ് മാത്രം. ഇന്ന് ബംഗ്ലാദേശിനെതിരെ ജയിച്ചാല്‍ പോലും ഇന്ത്യക്ക് ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കില്ല.

മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഒമ്പത് പോയിന്റുണ്ട്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിന്റ്. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍, ദക്ഷിണാഫ്രിക്കയെ മറികടന്ന് രണ്ടാമതെത്താം. എങ്കിലും, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും മറ്റൊരു സെമിയില്‍ നേര്‍ക്കുനേര്‍ വരും. ആരാകും രണ്ടും മൂന്നും സ്ഥാനത്ത് എന്നുള്ള സ്ഥിരീകരണം മാത്രമെ ലഭിക്കാനുള്ളൂ. എന്തായാലും ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. അതുകൊണ്ടുതന്നെ ഇന്ത്യ കരുതിയിരിക്കേണ്ടി വരും. ഓസ്ട്രേലിയയെ കൂടാതെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരോടും ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു. അതേസമയം, സെമി ഫൈനല്‍ നടക്കേണ്ട നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് നേടിയിരുന്നു. മത്സരം ഇന്ത്യ ഡിഎല്‍എസ് നിയമ പ്രകാരം 53 റണ്‍സിന് ജയിക്കുകയും ചെയ്തു. ന്യൂസിലന്‍ഡിന് 44 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് നേടാന്‍ സാധിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്