ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നാളെ അഭിമാന പോരാട്ടം; ടീമില്‍ രണ്ട് മാറ്റം വരുത്തിയേക്കും- സാധ്യത ഇലവന്‍

By Web TeamFirst Published Dec 6, 2022, 3:43 PM IST
Highlights

അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെ ഇറക്കിയാണ് ഇന്ത്യ ആദ്യ മത്സരം കളിച്ചത്. അതിന്റെ കുറവ് കാണുകയും ചെയ്തു. കെ എല്‍ രാഹുല്‍ ഒഴികെയുള്ള താരങ്ങള്‍ക്കൊന്നും തിളങ്ങാനും സാധിച്ചില്ല.

ധാക്ക: ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയില്‍ പിന്നിലാണ് ഇന്ത്യന്‍ ടീം. ഷേര്‍ ബംഗ്ലാ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായില്ലെങ്കില്‍ പരമ്പര ഇന്ത്യക്ക് നഷ്ടമാവും. അതിനേക്കാളുപരി സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും ഫോമിലെത്താന്‍ സാധിക്കുന്നില്ല. പരമ്പരയില്‍ ഒരു മത്സരത്തിലെങ്കിലും ഫോമിലായില്ലെങ്കില്‍ ധവാന്റെ സ്ഥാനത്തിനെതിരെ ചോദ്യമുയരുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല.

അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെ ഇറക്കിയാണ് ഇന്ത്യ ആദ്യ മത്സരം കളിച്ചത്. അതിന്റെ കുറവ് കാണുകയും ചെയ്തു. കെ എല്‍ രാഹുല്‍ ഒഴികെയുള്ള താരങ്ങള്‍ക്കൊന്നും തിളങ്ങാനും സാധിച്ചില്ല. അതുകൊണ്ടുതന്നെ പ്ലയിംഗ് ഇലവനില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. ബൗളിംഗിലും ബാറ്റിംഗിലും മോശം പ്രകടനം പുറത്തെടുത്ത ഷഹബാസ് അഹമ്മദിന് സ്ഥാനം നഷ്ടമായേക്കും. അദ്ദേഹത്തിന് പകരം അക്‌സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. 

ഉമ്രാന്‍ മാലിക്കിനും ഇന്ന് അവസരം നല്‍കിയേക്കും. ആദ്യ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച് കുല്‍ദീപ് സെന്‍ വഴിമാറി കൊടുക്കേണ്ടി വരും. കുല്‍ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിലും റണ്ണൊഴുക്ക് തടയാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ധവാന് ഒരവസരം കൂടി നല്‍കിയേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ ടീമിലുണ്ട്. ഒരിക്കല്‍ കൂടി ഫോമിലാവാന്‍ സാധിച്ചില്ലെങ്കില്‍ അവസാന ഏകദിനത്തില്‍ താരത്തെ പുറത്താക്കിയേക്കും.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

ആദ്യ ഏകദിനത്തില്‍ ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 41.2 ഓവറില്‍ 186 എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 46 ഓവരില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 39 പന്തില്‍ പുറത്താവാതെ 38 റണ്‍സ് നേടിയ മെഹിദി ഹസന്‍ മിറാസാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ലിറ്റണ്‍ ദാസ് (41), ഷാക്കിബ് അല്‍ ഹസന്‍ (29) എന്നിവരും തിളങ്ങിയിരുന്നു.

വിമർശകരെ ശാന്തരാകുവിന്‍; വമ്പന്‍ തിരിച്ചുവരവിന് ശിഖർ ധവാന്‍

click me!