ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിന് മുന്നോടിയായി ദ്രാവിഡിന് കീഴില്‍ ഏറെനേരെ ചിലവിട്ടു ശിഖർ ധവാന്‍

ധാക്ക: ടീം ഇന്ത്യക്കായി ഏകദിന ഫോർമാറ്റില്‍ മാത്രം സമീപകാലത്ത് കളിക്കുന്ന ഓപ്പണറാണ് ശിഖർ ധവാന്‍. എന്നാല്‍ ഏകദിനത്തില്‍ ടച്ച് നഷ്ടപ്പെട്ട ധവാനെയാണ് ആരാധകർ കാണുന്നത്. ധവാന്‍റെ ഒച്ചിഴയും വേഗവും വിമർശനങ്ങള്‍ക്ക് വഴിവെക്കുന്നു. അടുത്ത വർഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ടീം പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞതിനാല്‍ ഫോമിലേക്കും മികച്ച സ്ട്രൈക്ക് റേറ്റിലേക്കും മടങ്ങിയെത്തേണ്ടത് ധവാന് ആവശ്യം. ഇതിനായി മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രത്യേക പരിശീലനം ധവാന് നല്‍കിയതായാണ് റിപ്പോർട്ട്. 

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിന് മുന്നോടിയായി ദ്രാവിഡിന് കീഴില്‍ ഏറെനേരം ചിലവിട്ടു ശിഖർ ധവാന്‍. നെറ്റ്സില്‍ സ്വീപ്, റിവേഴ്സ് സ്വീപ് ഷോട്ടുകള്‍ ധവാന്‍ പരിശീലിച്ചപ്പോള്‍ ദ്രാവിഡ് നിർദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. ഇവർക്കൊപ്പം മധ്യനിര താരം ശ്രേയസ് അയ്യരും പരിശീലനത്തില്‍ ചേർന്നു.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഒപ്പമെത്താന്‍ ടീം ഇന്ത്യ നാളെ ഇറങ്ങും. ധാക്കയിലെ ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിന്‍റെ ജയം ബംഗ്ലാദേശ് നേടിയിരുന്നു. 39 പന്തില്‍ 38* റണ്‍സുമായി മെഹിദി ഹസനും 11 പന്തില്‍ 10* റണ്‍സെടുത്ത് മുസ്‌താഫിസൂര്‍ റഹ്‌മാനും കടുവകള്‍ക്ക് 46 ഓവറില്‍ ത്രില്ലര്‍ ജയം സമ്മാനിക്കുകയായിരുന്നു. ഇരുവരും 51 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയത് നിർണായകമായി. സിറാജ് മൂന്നും കുല്‍ദീപും വാഷിംഗ്‌ടണും രണ്ട് വീതവും ചാഹര്‍, ഷര്‍ദുല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തിയിട്ടും ഇന്ത്യക്ക് ജയമുറപ്പിക്കാനായില്ല. ലിറ്റണ്‍ ദാസ് 41നും ഷാക്കിബ് അല്‍ ഹസന്‍ 29നും പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 41.2 ഓവറില്‍ വെറും 186 റണ്‍സില്‍ പുറത്തായിരുന്നു. അഞ്ച് വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനും നാല് പേരെ മടക്കി എബാദത്ത് ഹൊസൈനും ഒരാളെ പുറത്താക്കി മെഹിദി ഹസനുമാണ് ഇന്ത്യയെ കുഞ്ഞന്‍ സ്കോറില്‍ തളച്ചത്. 70 പന്തില്‍ 73 റണ്‍സെടുത്ത ഉപനായകന്‍ കെ എല്‍ രാഹുല്‍ മാത്രമേ അര്‍ധ സെഞ്ചുറി പിന്നിട്ടുള്ളൂ. രാഹുലായിരുന്നു ഇന്ത്യയുടെ ഉയര്‍ന്ന സ്കോറുകാരന്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 27ലും ശിഖര്‍ ധവാന്‍ ഏഴിലും വിരാട് കോലി ഒന്‍പതിലും ശ്രേയസ് അയ്യര്‍ 24ലും പുറത്തായി.

ബാറ്റിംഗില്‍ ഹീറോ, കീപ്പിംഗില്‍ വില്ലന്‍; ക്യാച്ച് കൈവിട്ട് കെ എല്‍ രാഹുല്‍ എയറില്‍