രോഹിത് വീണു, ലീഡ്‌സില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു

By Web TeamFirst Published Aug 27, 2021, 8:40 PM IST
Highlights

റണ്‍മല കയറ്റത്തില്‍ ഇന്ത്യക്ക് തുടക്കത്തിലെ കെ എല്‍ രാഹുലിനെ നഷ്ടമായി. മൂന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പ് എട്ടു റണ്‍സെടുത്ത രാഹുലിനെ ഓവര്‍ടണിന്റെ പന്തില്‍ സ്ലിപ്പില്‍ ബെയര്‍സ്റ്റോ പറന്നുപിടിക്കുകയാരുന്നു. വീണ്ടുമൊരു കൂട്ടത്തകര്‍ച്ചയാണോ മുന്നിലെന്ന് ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചുനില്‍ക്കെ രണ്ടാം സെഷനില്‍ പതിവ് പ്രതിരോധം വിട്ട് പൂജാര ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്.

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. 354 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 117റണ്‍സെന്ന നിലയിലാണ്. 45 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ വിരാട് കോലിയും ക്രീസില്‍. ഓപ്പണര്‍മാരായ രാഹുലിന്റെയും രോഹിത്തിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.എട്ട് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 238 റണ്‍സ് വേണം.

തുടക്കത്തിലെ രാഹുല്‍ മടങ്ങി

റണ്‍മല കയറ്റത്തില്‍ ഇന്ത്യക്ക് തുടക്കത്തിലെ കെ എല്‍ രാഹുലിനെ നഷ്ടമായി. മൂന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പ് എട്ടു റണ്‍സെടുത്ത രാഹുലിനെ ഓവര്‍ടണിന്റെ പന്തില്‍ സ്ലിപ്പില്‍ ബെയര്‍സ്റ്റോ പറന്നുപിടിക്കുകയാരുന്നു. വീണ്ടുമൊരു കൂട്ടത്തകര്‍ച്ചയാണോ മുന്നിലെന്ന് ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചുനില്‍ക്കെ രണ്ടാം സെഷനില്‍ പതിവ് പ്രതിരോധം വിട്ട് പൂജാര ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ രോഹിത്തിനെക്കാള്‍ ആക്രമിച്ചു കളിച്ച പൂജാര 75 പന്തിലാണ് 40 റണ്‍സെടുത്തത്. രോഹിത്താകട്ടെ 152 പന്തിലാണ് 59 റണ്‍സെടുത്തത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ എറിഞ്ഞിട്ട ജെയിംസ് ആന്‍ഡേഴ്‌സണെ ആത്മവിശ്വാസത്തോടെ നേരിട്ട പൂജാര തുടര്‍ച്ചയായി ബൗണ്ടറികളും നേടി. ഇതിനിടെ രോഹിത്ത് റോബിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നല്‍ കുടുങ്ങിയെങ്കിലും റിവ്യൂ എടുക്കാന്‍ ഇംഗ്ലണ്ട് വൈകിയതിനാല്‍ ഔട്ടാവാതെ രക്ഷപ്പെട്ടു.

ചായക്ക് പിന്നാലെ രോഹിത് വീണു

മൂന്നാം ദിനം രണ്ടാം സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചുനിന്ന രോഹിത്തും പൂജാരയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ചായക്കുശേഷമുള്ള ആദ്യ ഓവറില്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി റോബിന്‍സണ്‍ ഇന്ത്യക്ക് രണ്ടാമത്തെ പ്രഹരമേല്‍പ്പിച്ചു. അമ്പയറുടെ തീരുമാനം രോഹിത് റിവ്യു ചെയ്‌തെങ്കിലും രക്ഷയുണ്ടായില്ല

ഇംഗ്ലണ്ടിന്റെ വാലരിഞ്ഞ് ബുമ്രയും ഷമിയും

നേരത്തെ 423-8 എന്ന സ്‌കോറില്‍ മൂന്നാം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 432 റണ്‍സിന് ഓള്‍ ഔട്ടായി. 32 റണ്‍സെടുത്ത ഓവര്‍ടണെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ റോബിന്‍സണെ ബുമ്ര ബൗള്‍ഡാക്കി. ഇന്ത്യക്കായി ഷമി നാലും ജഡേജ, ബുമ്ര, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ 22 ഓവര്‍ എറിഞ്ഞ ഇഷാന്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!