തകര്‍ന്നടിഞ്ഞ് ഇന്ത്യ, തകര്‍ത്തടിച്ച് ഇംഗ്ലണ്ട്; ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്

By Web TeamFirst Published Aug 25, 2021, 11:04 PM IST
Highlights

പന്ത് സ്വിംഗ് ചെയ്യുന്ന സാഹചര്യത്തില്‍ ആന്‍ഡേഴ്‌സണെതിരെ ആത്മഹത്യാപരമായ കവര്‍ ഡ്രൈവിഡ് ശ്രമിച്ച കോലി ഏഴ് റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ 21/3 ലേക്ക് കൂപ്പുകുത്തി. പിന്നീട് രഹാനെയും രോഹിത് ശര്‍മയും ചേര്‍ന്ന് ചെറിയൊരു രക്ഷാപ്രവര്‍ത്തനം.

ലീഡ്‌സ്: ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് 78 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന ശക്തമായ നിലയിലാണ്. റണ്‍സോടെ 58 ഹസീബ് ഹമീദും 52 റണ്‍സുമായി റോറി ബേണ്‍സും ക്രീസില്‍. 10 വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിനിപ്പോള്‍ 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്.

ഭാഗ്യം ടോസില്‍ മാത്രം

ടോസിലെ ഭാഗ്യം കോലിയെ തുണച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം കോലിയും ഒന്ന് അമ്പരന്നു. എന്നാല്‍ ഭാഗ്യം ടോസില്‍ മാത്രമായിരുന്നു. ആദ്യ ഓവറിലെ ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങിയ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് ആഗ്രഹിച്ച തുടക്കമിട്ടു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ രാഹുല്‍ ഇത്തവണ അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്.

വന്‍മതിലും എറിഞ്ഞിട്ട് ആന്‍ഡേഴ്‌സണ്‍

ചേതേശ്വര്‍ പൂജാരക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഒമ്പത് പന്ത് നേരിട്ട പൂജാര ഒരു റണ്‍സെടുത്ത് ആന്‍ഡേഴ്‌സന്റെ രണ്ടാം ഇരയായി ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി.

കോലിക്കുമുന്നിലും കിംഗായി ആന്‍ഡേഴ്സണ്‍

പന്ത് സ്വിംഗ് ചെയ്യുന്ന സാഹചര്യത്തില്‍ ആന്‍ഡേഴ്‌സണെതിരെ ആത്മഹത്യാപരമായ കവര്‍ ഡ്രൈവിഡ് ശ്രമിച്ച കോലി ഏഴ് റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ 21/3 ലേക്ക് കൂപ്പുകുത്തി. പിന്നീട് രഹാനെയും രോഹിത് ശര്‍മയും ചേര്‍ന്ന് ചെറിയൊരു രക്ഷാപ്രവര്‍ത്തനം. ഏത് സമയത്തും പുറത്താവുമെന്ന് തോന്നിച്ച് ക്രീസില്‍ നിന്ന രഹാനെ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നതിന് പിന്നാലെ ലഞ്ചിന് തൊട്ടു മുമ്പ് റോബിന്‍സന്റെ പന്തില്‍ ബട്‌ലര്‍ക്ക് പിടികൊടുത്ത് മടങ്ങി. 18 റണ്‍സായിരുന്നു രഹാനെയും സംഭാവന.

ലഞ്ചിനുശേഷം കൂട്ടത്തകര്‍ച്ച

ഇന്ത്യയുടെ അവസാന പ്രതീക്ഷയായ റിഷഭ് പന്ത് വന്നതും പോയതും ഒരുമിച്ചായിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത പന്തിനെ റോബിണ്‍സന്റെ പന്തില്‍ ബട്‌ലര്‍ പിടികൂടിയപ്പോള്‍ അതുവരെ ക്ഷമയോടെ ഒരറ്റം കാത്ത രോഹിത് ശര്‍മ ഒടുവില്‍ ഓവര്‍ടണിന്റെ പന്തില്‍ മോശം ഷോട്ട് കളിച്ച് പുറത്തായി.19 റണ്‍സെടുത്ത രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ലോര്‍ഡ്‌സിലെ ഹീറോകള്‍ ലീഡ്സില്‍ സീറോ

ലോര്‍ഡ്‌സിലെ ബാറ്റിംഗ് ഹീറോകളായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും നേരിട്ട ആദ്യ പന്തുകളില്‍ പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജയെ സാം കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സിറാജിനെ സ്ലിപ്പില്‍ റൂട്ടിന്റെ കൈകളിലെത്തിച്ച് ഓവര്‍ടണ്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരശീലയിടുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 78 റണ്‍സ് മാത്രം. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണും ഓവര്‍ടണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ്‌പ്പോള്‍ സാം കറനും റോബിന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സ്വപ്‌നതുല്യം ഇംഗ്ലണ്ട് മറുപടി

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുട്ടിടിച്ച പിച്ചില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും അനായാസം തുടങ്ങി. തുടക്കത്തില്‍ വിക്കറ്റ് വീഴത്താനാവാഞ്ഞതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. പരമ്പരയില്‍ ആദ്യമായി ഇംഗ്ലണ്ട് ഓപ്പണിംഗ് സഖ്യം സെഞ്ചുറി പിന്നിട്ടതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!