രഹാനെയെ ചിലര്‍ ഭീഷണിയായി കാണുന്നു, തുറന്നടിച്ച് ഗവാസ്കര്‍

By Web TeamFirst Published Aug 3, 2021, 5:36 PM IST
Highlights

കഴിഞ്ഞ ആറോ എട്ടോ മാസമായി സ്ഥിരമായി സ്കോര്‍ ചെയ്യുന്ന മറ്റേത് ബാറ്റ്സ്മാനാണുള്ളതെന്ന് പറയു. ഈ പ്രചരണം നടത്തുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം രഹാനെയാണ്. പൂജാരയുടെ പേരുകൂടി പറയുന്നത് ഈ മുറുമുറുപ്പ് പ്രചരണം രഹാനെക്ക് മാത്രം എതിരല്ലെന്ന് തെളിയിക്കാനാണ്.

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്‍റെ സമീപകാല പ്രകടനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റു വാങ്ങിയ രണ്ടുപേര്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും ചേതേശ്വര്‍ പൂജാരയുമാണ്. ബാറ്റിംഗിലെ മെല്ലെപ്പോക്കും സ്ഥിരതയില്ലായ്മയുമാണ് ഇരുവര്‍ക്കുമെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.

എന്നാല്‍ രഹാനെയും പൂജാരയെയും ലക്ഷ്യമിടുന്നവര്‍ ശരിക്കും ലക്ഷ്യം വെക്കുന്നത് രഹാനെയെ മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ പറഞ്ഞു. രഹാനെയെ മാത്രം ലക്ഷ്യം വെച്ചാല്‍ ചിലപ്പോള്‍ അത് മറ്റേതെങ്കിലും രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടാലോ എന്ന്  കരുതിയാണ് കൂട്ടത്തില്‍ പൂജാരയെയും ചേര്‍ത്തിരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗവാസ്കര്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി ഇന്ത്യക്കായി മനസും ശരീരവും അര്‍പ്പിച്ച് പോരാട്ടുന്ന ഈ കളിക്കാരോട് ചെയ്യുന്ന നീതികേടാണ് ഇത്. പ്രത്യേകിച്ചും കഴിഞ്ഞ ആറു മാസമായി നടക്കുന്ന കാര്യങ്ങള്‍. ഇരുവര്‍ക്കുമെതിരെ മുുമുറുപ്പു പ്രചരണമാണ് നടക്കുന്നത്. കഴിഞ്ഞ ആറോ എട്ടോ മാസമായി സ്ഥിരമായി സ്കോര്‍ ചെയ്യുന്ന മറ്റേത് ബാറ്റ്സ്മാനാണുള്ളതെന്ന് പറയു. ഈ പ്രചരണം നടത്തുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം രഹാനെയാണ്. പൂജാരയുടെ പേരുകൂടി പറയുന്നത് ഈ മുറുമുറുപ്പ് പ്രചരണം രഹാനെക്ക് മാത്രം എതിരല്ലെന്ന് തെളിയിക്കാനാണ്.

എനിക്ക് ഇവരോടൊക്കെ പറയാനുള്ളത് രഹാനെയെ ഒരു ഭീഷണിയായി കാണാതെ ടീമിന്‍റെ സ്വത്തായി കാണു എന്നാണ്. ഈ പ്രചരണം നടത്തുവര്‍ക്ക് രഹാനെ ഒരു ഭീഷണിയല്ലെന്ന് ഞാന്‍ പറയും. ഓസ്ട്രേലിയക്കെതിരെ 36 റണ്‍സിന് ഓള്‍ ഔട്ടായശേഷം നടന്ന ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ചുറിയുമായി മടങ്ങിവരവിനുള്ള ഊര്‍ജ്ജം നല്‍കിയത് രഹാനെയാണ്. ഗാബയിലെ ഐതിഹാസിക റണ്‍ ചേസിന് ഗതിവേഗം നല്‍കിയതും രഹാനെയുടെ പ്രകടനമാണ്.

ഇംഗ്ലണ്ടിനെതിരെ പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ അദ്ദേഹം അര്‍ധസെഞ്ചുറി നേടി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ടോപ് സ്കോററുമാണ് അദ്ദേഹം. എന്നിട്ടും ഇവര്‍ രണ്ടുപേര്‍ക്കുമെതിരെ പ്രചാരണം നടക്കുന്നുവെങ്കില്‍ അതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയണമെന്നും ഗവാസ്കര്‍ പറഞ്ഞു.

ഹര്‍ദ്ദിക് പാണ്ഡ്യ പന്തെറിയുകയാണെങ്കില്‍ അദ്ദേഹം ടീമിന് മുതല്‍ക്കൂട്ടാണ്. എന്നാല്‍ ബൗള്‍ ചെയ്യാത്ത ഹര്‍ദ്ദിക് അങ്ങനെയല്ല. ഹര്‍ദ്ദിക് അല്ലാതെ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഓള്‍ റൗണ്ടര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു. തിരഞ്ഞുനോക്കിയാല്‍ കണ്ടെത്താനാകുമെന്നും ഗവാസ്കര്‍ തുറന്നടിച്ചു. ഭുവനേശ്വര്‍ കുമാറിനെ ഇത്തരത്തില്‍ ടെസ്റ്റില്‍ വളര്‍ത്തിയെടുക്കാവുന്നതാണെന്നും ഹര്‍ദ്ദിക്കിനെപ്പോലെ ആക്രമണോത്സുകനല്ലെങ്കിലും ആശ്രയിക്കാവുന്ന ബാറ്റ്സ്മാനാണെന്നും ഗവാസ്കര്‍ പറഞ്ഞു.

click me!