ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസവാര്‍ത്ത

By Web TeamFirst Published Feb 10, 2021, 7:37 PM IST
Highlights

നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയ അക്സര്‍ അടുത്ത ദിവസങ്ങില്‍ ബൗളിംഗ് പരിശീലനവും ആരംഭിക്കും. ഇതോടെ രണ്ടാം ടെസ്റ്റില്‍ അക്സര്‍ ടീമിലെത്തുമെന്ന് ഏതാണ്ടുറപ്പായി. അക്സര്‍ അന്തിമ ഇലവനിലെത്തിയാല്‍ ഇടം കൈയന്‍ സ്പിന്നറായ ഷഹബാസ് നദീം പുറത്താവും.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. ആദ്യ ടെസ്റ്റിന് തൊട്ടു മുമ്പ് കാല്‍ മുട്ടിന് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ കായികക്ഷമത വീണ്ടെടുത്തു. പരിക്ക് മാറി കായികക്ഷമത വീണ്ടെടുത്ത അക്സര്‍ ഇന്ന് പരിശീലനം പുനരാരംഭിച്ചു.

നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയ അക്സര്‍ അടുത്ത ദിവസങ്ങില്‍ ബൗളിംഗ് പരിശീലനവും ആരംഭിക്കും. ഇതോടെ രണ്ടാം ടെസ്റ്റില്‍ അക്സര്‍ ടീമിലെത്തുമെന്ന് ഏതാണ്ടുറപ്പായി. അക്സര്‍ അന്തിമ ഇലവനിലെത്തിയാല്‍ ഇടം കൈയന്‍ സ്പിന്നറായ ഷഹബാസ് നദീം പുറത്താവും.

ആദ്യ ടെസ്റ്റില്‍ പേസര്‍മാരും സ്പിന്നര്‍ അശ്വിനും നന്നായി പന്തെറിഞ്ഞപ്പോള്‍ ഷഹബാസില്‍ നിന്നും വാഷിംഗ്ടണ്‍ സുന്ദറില്‍ നിന്നും മതിയായ പിന്തുണ ലഭിച്ചില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞിരുന്നു. ഇടംകെയന്‍ സ്പിന്‍ ഓള്‍ റൗണ്ടറായ അക്സര്‍ തിരിച്ചെത്തുമ്പോള്‍ നദീമിന് പുറമെ വാഷിംഗ്ടണ്‍ സുന്ദറും അന്തിമ ഇലവനില്‍ നിന്ന് പുറത്തായേക്കുമെന്നാണ് സൂചന.

ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് രണ്ടാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യതയുണ്ട്. ആദ്യ ടെസ്റ്റില്‍ നദീം നാലു വിക്കറ്റ് വീഴ്ത്തിയെങ്കിലും 59 ഓവറില്‍ 233 റണ്‍സ് വഴങ്ങിയിരുന്നു. ഓവറില്‍ ശരാശരി നാലു റണ്‍സിലേറെ വഴങ്ങിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് നിര സമ്മര്‍ദ്ദത്തില്‍ നിന്ന് അകലുകയും ചെയ്തു. ബൗളിംഗ് ക്രീസിനടുത്തെത്തുമ്പോഴുള്ള ചാട്ടത്തില്‍ തനിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ഇക്കാര്യം ഉടന്‍ പരിഹരിക്കുമെന്നും നദീമും വ്യക്തമാക്കിയിരുന്നു.

click me!