റൂട്ട് തെറ്റാതെ ഇംഗ്ലണ്ട്; ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇംഗ്ലണ്ടിന് മേല്‍ക്കൈ

By Web TeamFirst Published Feb 5, 2021, 5:22 PM IST
Highlights

ടോസിലെ ഭാഗ്യം ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ വിരാട് കോലിയെ കൈവിട്ടു. ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുമ്രയും നേതൃത്വം നല്‍കിയ ഇന്ത്യന്‍ പേസാക്രമണത്തെ ഇംഗ്ലീഷ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഡൊമനിക് സിബ്ലിയും കരുതലോടെയാണ് നേരിട്ടത്.

ചെന്നൈ: ക്യാപ്റ്റന്‍ ജോ റൂട്ട് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ടോസ് നേടി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെന്ന ശക്തമായ നിലയിലാണ്. 128 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ട് ക്രീസിലുണ്ട്. ആദ്യ ദിനത്തിലെ അവസാന ഓവറില്‍ 87 റണ്‍സെടുത്ത ഡൊമനിക് സിബ്ലി പുറത്തായി.

കരുതലോടെ തുടങ്ങി

ടോസിലെ ഭാഗ്യം ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ വിരാട് കോലിയെ കൈവിട്ടു. ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുമ്രയും നേതൃത്വം നല്‍കിയ ഇന്ത്യന്‍ പേസാക്രമണത്തെ ഇംഗ്ലീഷ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഡൊമനിക് സിബ്ലിയും കരുതലോടെയാണ് നേരിട്ടത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സെടുത്തു. എന്നാല്‍ ലഞ്ചിന് തൊട്ടു മുമ്പ് അശ്വിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച ബേണ്‍സിനെ(33) റിഷഭ് പന്ത് അനായാസം കൈയിലൊതുക്കി. തൊട്ടു പിന്നാലെ ബുമ്രയെ പന്തേല്‍പ്പിച്ച കോലിയുടെ തന്ത്രം ഫലിച്ചു. അഞ്ച് പന്ത് മാത്രം നേരിട്ട ഡാനിയേല്‍ ലോറന്‍സിനെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലഞ്ചിന് പിരിഞ്ഞ ഇംഗ്ലണ്ടിന് പക്ഷെ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

റൂട്ട് തെറ്റാതെ ജോ റൂട്ട്

ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറിയുമായി തിളങ്ങിയ റൂട്ട് ചെന്നൈയിലും മികവ് ആവര്‍ത്തിച്ചു. ക്രീസിലെത്തിയ ഉടന്‍ ഏകദിന ശൈലിയില്‍ അതിവേഗം സ്കോര്‍ ചെയ്ത റൂട്ട് തന്‍റെ നൂറാം ടെസ്റ്റില്‍ നൂറടിച്ച് ഇംഗ്ലണ്ടിനെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു. 98, 99, 100 ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തം പേരിലാക്കി.

അര്‍ധസെഞ്ചുറിയുമായി സിബ്ലിയും മികച്ച പങ്കാളിയായതോടെ ഇംഗ്ലണ്ട് ആദ്യ ദിനം തന്നെ വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു. ഇന്ത്യക്കായി ബുമ്ര രണ്ടും അശ്വിന്‍ ഒരു വിക്കറ്റുമെടുത്തപ്പോള്‍ ഷഹബാസ് നദീമും വാഷിംഗ്ടണ്‍ സുന്ദറും നിരാശപ്പെടുത്തി.

click me!