
ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാംദിനം ഇംഗ്ലണ്ടിന്റെ ആധിപത്യം. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 263 റണ്‍സെടുത്തിട്ടുണ്ട്. നൂറാം ടെസ്റ്റ് കളിക്കുന്ന ക്യാപ്റ്റന്‍ ജോ റൂട്ട് സെഞ്ചുറിയോടെ (128) ക്രീസിലുണ്ട്. ഡോമിനിക് സിബ്ലി (87)യാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്റ്സമാന്‍. ജസ്പ്രീത് ബുമ്രയെറിഞ്ഞ അവസാന ഓവറിലാണ് താരം പുറത്തായത്. ഇതോടെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. റോറി ബേണ്‍സ് (33), ഡാനിയേല്‍ ലോറന്‍സ് (0) എന്നിവരുടെ വിക്കറ്റുകളും ഇംഗ്ലണ്ടിന് നഷ്ടമായി. ബുമ്ര രണ്ടും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഫോം തുടര്‍ന്ന് ജോ റൂട്ട്
ശ്രീലങ്കയ്‌ക്കെതിരായ ഫോം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇന്ത്യയിലും തുടരുകയായിരുന്നു. ലങ്കയില്‍ കളിച്ച രണ്ട് ടെസ്റ്റിലും താരം സെഞ്ചുറി നേടിയിരുന്നു. ഇവിടെയും താരം തുടക്കം മോശമാക്കിയില്ല. 197 പന്തില്‍ 14 ബൗണ്ടറികളുടെയും ഒരു സിക്സിന്‍റേയും സഹായത്തോടെയാണ് താരം ഇത്രയും റണ്‍സെടുത്തത്. റൂട്ടിന്‍റെ 20ാം ടെസ്റ്റ് സെഞ്ചുറിയാണിത്. സിബ്ലിക്കൊപ്പം 200 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. 286 പന്തില്‍ 12 ബൗണ്ടറികളുടെ സഹായത്തോടെയാണ് സിബ്ലി ഇത്രയും റണ്‍സെടുത്തത്. എന്നാല്‍ മൂന്ന് പന്ത് മാത്രം ബാക്കി നില്‍ക്കെ സിബ്ലി മടങ്ങിയത് ഇംഗ്ലണ്ടിനെ നിരാശരാക്കി. ബുമ്രയുടെ യോര്‍ക്കറില്‍ സിബ്ലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
ബ്രേക്ക്ത്രൂ നല്‍കി അശ്വിന്‍
എന്നാല്‍ തൊട്ടുപിന്നാലെ 24-ാം ഓവറിലെ അഞ്ചാം പന്തില്‍ ബേണ്‍സിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ റിഷഭിന്റെ കൈകളിലെത്തിച്ചു. 60 പന്തില്‍ രണ്ട് ബൗണ്ടറികള്‍ സഹിതം 33 റണ്‍സായിരുന്നു ബേണ്‍സിന് നേടാനായത്. ഇരുവരും 63 റണ്‍സ് ചേര്‍ത്തു. മൂന്നാമനായി ക്രീസിലെത്തിയ ഡാനിയേല്‍ ലോറന്‍സിന് അഞ്ച് പന്തുകളുടെ ആയുസേ ഇന്ത്യ അനുവദിച്ചുള്ളൂ. ബുമ്രയുടെ ഒന്നാന്തമൊരു ഇന്‍ സ്വിങ്ങറില്‍ താരം എല്‍ബിയില്‍ പൂജ്യത്തില്‍ മടങ്ങി. ഇതോടെ ഇംഗ്ലണ്ട് 25.4 ഓവറില്‍ 63-2 എന്ന നിലയിലായി. ഇംഗ്ലണ്ട് സ്‌കോര്‍ 67ല്‍ നില്‍ക്കേ ആദ്യ സെഷന്‍ അവസാനിച്ചു.
മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യ
എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അശ്വിന്‍, ഷബബാസ് നദീം, വാഷിംഗ്‍ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍. പേസര്‍മാരായി ഇശാന്ത് ശര്‍മയും ജസ്പ്രിത് ബുമ്രയും ക്രീസിലെത്തി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, ജോ ബേണ്‍സ് എന്നിവര്‍ ഇംഗ്ലണ്ട് നിരയിലും മടങ്ങിയെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, ഷഹ്ബാസ് നദീം.
ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ഓലി പോപ്പ്, ജോസ് ബട്ട്ലര്‍, ഡൊമിന് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീ, ജയിംസ് ആന്‍ഡേഴ്സണ്‍.
ഓസ്ട്രേലിയക്കെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശ്രീലങ്കയെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികള്‍ ആരെന്ന് നിശ്ചയിക്കുന്ന പരമ്പരയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!