കോലി ഗോള്‍ഡന്‍ ഡക്ക്, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച

By Web TeamFirst Published Aug 5, 2021, 6:54 PM IST
Highlights

പൂജാരക്കുശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താക്കി ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ഇരട്ടപ്രഹമേല്‍പ്പിച്ചു. ആന്‍ഡേഴ്സന്‍റെ പന്തില്‍ ബട്‌ലര്‍ക്ക് പിടികൊടുത്താണ് കോലി മടങ്ങിയത്.

ലണ്ടന്‍: നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ ലഞ്ചിനുശേഷം ആന്‍ഡേഴ്സന്‍റെ ഇരട്ടപ്രഹരത്തില്‍ മഴയും വെളിച്ചക്കുറവും മൂലം മത്സരം നിര്‍ത്തിവെക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍ പതറുകയാണ്. 57 റണ്‍സുമായി കെ എല്‍ രാഹുലും  ഏഴ് റണ്ണുമായി റിഷഭ് പന്തും ക്രീസില്‍.

കരുതലോടെ തുടങ്ങി

ആദ്യ മണിക്കൂറുകളില്‍ പേസര്‍മാരെ തുണച്ച പിച്ചില്‍ കരുതലോടെയാണ് രാഹുലുപം രോഹിത്തും തുടങ്ങിയത്. മോശം പന്തുകള്‍ മാത്രം തെരഞ്ഞുപിടിച്ച് ശിക്ഷിച്ച ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. ഭാഗ്യത്തിന്‍റെ പിന്തുണ കൂടി ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തിനുണ്ടായിരുന്നു. പല എഡ്ജുകളും സ്ലിപ്പിലെത്തിയില്ല.

24-ാം ഓവറില്‍ ആന്‍ഡേഴ്സന്‍റെ പന്തില്‍ രാഹുലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് ഇംഗ്ലണ്ട് റിവ്യു തേടിയെങ്കിലും ഇന്‍സൈഡ് എഡ്ജുണ്ടായിരുന്നതിനാല്‍ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായില്ല. 28-ാം ഓവറിലാണ് ഇന്ത്യ 50 കടന്നത്.

ആദ്യ ഒരു മണിക്കൂറിനുശേഷം ബാറ്റിംഗ് എളുപ്പമായതോടെ ഇരുവരും അനായാസം റണ്‍സ് കണ്ടെത്തി. എന്നാല്‍ ലഞ്ചിന് തൊട്ടുമുമ്പുള്ള അവസാന ഓവറില്‍ രോഹിത് ശര്‍മയെ സാം കറന്‍റെ കൈകളിലെത്തിച്ച് റോബിന്‍സണ്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. 107 പന്തിലാണ് രോഹിത് ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 36 റണ്‍സെടുത്തത്.

ലഞ്ചിനുശേഷം കൂട്ടത്തകര്‍ച്ച, കോലി ഗോള്‍ഡന്‍ ഡക്ക്

ലഞ്ചിനുശേഷം 100 കടന്ന ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ പൂജാരയെ ജോസ് ബട്‌‌ലറുടെ കൈകളിലെത്തിച്ച് ആന്‍ഡേഴ്സന്‍ ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. നാലു റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. പൂജാരക്കുശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താക്കി ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ഇരട്ടപ്രഹമേല്‍പ്പിച്ചു. ആന്‍ഡേഴ്സന്‍റെ പന്തില്‍ ബട്‌ലര്‍ക്ക് പിടികൊടുത്താണ് കോലി മടങ്ങിയത്.

പൂജാരക്കും കോലിക്കും പിന്നാലെ അജിങ്ക്യാ രഹാനെ റണ്ണൗട്ടായതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയിലായി. ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടായ രഹാനെ അഞ്ച് റണ്‍സാണെടുത്തത്.

click me!