
ചെന്നൈ: ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ ഡബിള്‍ സെഞ്ചുറിയുടെയും ബെന്‍ സ്റ്റോക്സിന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സെടുത്തിട്ടുണ്ട്. 28 റണ്‍സോടെ ഡൊമനിക് ബെസ്സും ആറ് റണ്‍സുമായി ജാക്ക് ലീച്ചും ക്രീസില്‍.
രണ്ടാം ദിനം നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ടും സ്റ്റോക്സും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം 263/3 എന്ന സ്കോറില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന് ഇരുവരും 387 റണ്‍സിലെത്തിയപ്പോഴാണ് വേര്‍ പിരിഞ്ഞത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്റ്റോക്സ് 118 പന്തില്‍ 82 റണ്‍സെടുത്തു.
സ്റ്റോക്സിനെ മടക്കി നദീമാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഓലി പോപ്പിനെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന റൂട്ട് ഇംഗ്ലണ്ടിനെ 450 കടത്തി. പോപ്പിനെ(34) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഡബിള്‍ തികച്ച റൂട്ടിനെ(218) നദീം പുറത്താക്കി.
ജോസ് ബട്‌ലറും(30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ രണ്ടാം ദിനം തന്നെ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി. രണ്ടാം ദിനം അവസാനം തുടര്‍ച്ചയായ പന്തില്‍ ബട്‌ലറെയും ആര്‍ച്ചറെയും(0) ബൗള്‍ഡാക്കിയ ഇഷാന്ത് ശര്‍മയാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. ഇന്ത്യക്കായി ഇഷാന്തും ബുമ്രയും അശ്വിനും നദീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!