
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍ പൃഥ്വി ഷായെയും ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യായദവിനെയും സ്പിന്നര്‍ ജയന്ത് യാദവിനെയും ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും വാഷിംഗ്ടണ്‍ സുന്ദറിനും പേസര്‍ ആവേശ് ഖാനും പരിക്കേറ്റ പശ്ചാത്തലത്തിലാണ് ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിക്കുന്ന പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ മൂന്ന് താരങ്ങളെക്കൂടി ഇംഗ്ലണ്ടിലേക്ക് അയക്കുമെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്ക് ശേഷമാകുമോ പൃഥ്വി ഷായും സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക് പോകുക എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.
നേരത്തെ ഗില്ലിന് പകരക്കാരനായി പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ഇത് നിരസിക്കുകയായിരുന്നു. മധ്യനിരക്ക് കരുത്തു പകരാനായാണ് പൃഥ്വി ഷാക്ക് ഒപ്പം ഫോമിലുള്ള സൂര്യകുമാറിനെയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. വാഷിംഗ്ടണ്‍ സുന്ദറിന് പകരമാണ് ജയന്ത് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പൃഥ്വി ഷായും ജയന്ത് യാദവും ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള താരങ്ങളാണ്.
രോഹിത് ശര്‍മക്ക് ഒപ്പം ഓപ്പണറായി മായങ്ക് അഗര്‍വാളും ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. കെ എല്‍ രാഹുലിനെയും ഓപ്പണറായി പരിഗണിക്കാന്‍ കഴിയുന്ന താരമാണ്. ഈ സാഹചര്യത്തിലാണ് സെലക്ഷന്‍ കമ്മിറ്റി നേരത്തെ ടീം മാനേജ്മെന്‍റിന്‍റെ ആവശ്യം നിരസിച്ചത്. എന്നാല്‍ പരിശീലന മത്സരത്തില്‍ തന്നെ വാഷിംഗ്ടണ്‍ സുന്ദറിനും ആവേശ് ഖാനും കൂടി പരിക്കേറ്റതോടെ രണ്ട് താരങ്ങളെക്കൂടി ഇംഗ്ലണ്ടിലേക്ക് അയക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് നാലു മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!