ഇംഗ്ലണ്ടിനെതിരെ കുല്‍ദീപിനെ കളിപ്പിക്കണം; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍

By Web TeamFirst Published Feb 2, 2021, 12:55 PM IST
Highlights

റിസ്റ്റ് സ്‌പിന്നറായ കുല്‍ദീപ് യാദവിനെ ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കണം എന്ന് നിര്‍ദേശിക്കുന്നു ഇന്ത്യന്‍ മുന്‍താരം ഇര്‍ഫാന്‍ പത്താന്‍. 

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു ടീം ഇന്ത്യ. ചെപ്പോക്കിലെ സ്‌പിന്‍ അനുകൂല പിച്ചില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും എന്ന ചര്‍ച്ച ഇതിനൊപ്പം മുറുകുകയാണ്. റിസ്റ്റ് സ്‌പിന്നറായ കുല്‍ദീപ് യാദവിനെ ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കണം എന്ന് നിര്‍ദേശിക്കുന്നു ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍. 

'ഇന്ത്യന്‍ മാനേജ്‌മെന്‍റ് കുല്‍ദീപ് യാദവിനെ പിന്തുണയ്‌ക്കുന്നുണ്ട് എന്ന് എനിക്കുറപ്പാണ്. കാരണം അയാള്‍ വേറിട്ടൊരു പ്രതിഭയാണ്. ഇടംകൈയന്‍ റിസ്റ്റ് സ്‌പിന്നര്‍മാരെ നമുക്ക് എപ്പോഴും ലഭിക്കില്ല. അയാളിപ്പോള്‍ പക്വത കൈവരിക്കുന്ന 25-26 പ്രായത്തിലാണ്. ആദ്യ ടെസ്റ്റിലോ രണ്ടാം മത്സരത്തിലോ അവസരം ലഭിച്ചാല്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുക്കും എന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരായ ചരിത്രം നോക്കൂ...ലെഗ് സ്‌പിന്നറാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ എപ്പോഴും സാധ്യതയുണ്ട്. കുല്‍ദീപ് കളിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നതും അതാണ്' എന്ന് പത്താന്‍ പറഞ്ഞു. 

വാഷിംഗ്‌ടണ്‍ സുന്ദറിനും പിന്തുണ

ഇന്ത്യ മൂന്ന് സ്‌പിന്നര്‍മാരെ കളിപ്പിക്കുമോ എന്ന ചോദ്യത്തിനും പത്താന്‍ മറുപടി നല്‍കി. 'സ്‌പിന്നര്‍മാരെ വളരെയധികം പിന്തുണയ്‌ക്കുന്ന ചെന്നൈ പിച്ചില്‍ മൂന്ന് സ്‌പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഏത് തരം പിച്ചിലും കളിക്കാന്‍ പാകത്തിലുള്ളതാണ് ഇന്ത്യന്‍ ബൗളിംഗ് നിര. മൂന്ന് പേസര്‍മാരെ വേണമെങ്കിലും ആവശ്യമെങ്കില്‍ കളിപ്പിക്കാം. വാഷിംഗ്‌ടണ്‍ സുന്ദറെ കളിപ്പിക്കുകയാണെങ്കില്‍ ബൗളര്‍ മാത്രമായി ആയിരിക്കില്ല. നന്നായി ബാറ്റ് ചെയ്യുന്ന ഓള്‍റൗണ്ടറാണ് അദേഹം. ഇന്ത്യയിലെ അനുകൂലമായ സാഹചര്യങ്ങളില്‍ തീര്‍ച്ചയായും മികവ് കാട്ടാനാകും. നാല് ടെസ്റ്റിലും അശ്വിനൊപ്പം സുന്ദറെ കളിപ്പിച്ചേക്കും. 

റിസ്റ്റ് സ്‌പിന്നര്‍മാരും നിര്‍ണായമാണ് എന്ന് എപ്പോഴും നാം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഫിംഗര്‍ സ്‌പിന്നര്‍മാര്‍ വളരെയധികം ഉപകാരപ്രദമാണ്. പ്രത്യേകിച്ച് രവീന്ദ്ര ജഡേജയെ പോലെ ഫാസ്റ്റ്-സ്‌പിന്‍ എറിയുന്നവര്‍. ഓഫ് സ്‌പിന്നറാണെങ്കിലും സുന്ദറിന് ഈ ചുമതല വഹിക്കാനാകും. അതിനാല്‍ ഇംഗ്ലണ്ടിനെതിരെ അശ്വിനും സുന്ദറും കുല്‍ദീപും ഒന്നിച്ച് കളിക്കാന്‍ സാധ്യതയേറെയാണ്' എന്നും പത്താന്‍ പറഞ്ഞു. 

മൂന്ന് മാസത്തിലേറെയായി ബഞ്ചിലാണ് കുല്‍ദീപ് യാദവിന്‍റെ സ്ഥാനം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. 

ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് തുടക്കമാകുന്നത്. രണ്ടാം ടെസ്റ്റും ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ്. അവസാന രണ്ട് മത്സരങ്ങള്‍ക്ക് അഹമ്മദാബാദ് വേദിയാകും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്താന്‍ ഇന്ത്യക്ക് നിര്‍ണായകമാണ് ഈ പരമ്പര. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോള്‍ ഇന്ത്യ 4-0ന് പരമ്പര സ്വന്തമാക്കിയിരുന്നു. 

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ 50 ശതമാനം കാണികള്‍ക്ക് പ്രവേശനം!

click me!