
ലോർഡ്സ്: 2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമയും തമ്മിൽ അത്ര രസത്തിലല്ലെന്ന വാർത്തകൾ ആദ്യമായി പുറത്തുവന്നത്. അതിനുശേഷം കൊവിഡ് ലോക്ക് ഡൗൺ കാലത്ത് കോച്ച് രവി ശാസ്ത്രി ഇടപെട്ട് ഇരുവർക്കുമിടയിലെ ഭിന്നതകൾ പറഞ്ഞു തീർത്തുവെന്നും മഞ്ഞുരുകിയെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.
അതെന്തായാലും ഇരുവർക്കുമിടയിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ചുള്ള വാർത്തകൾക്ക് പ്രചരിച്ച അതേ ഇംഗ്ലണ്ടിൽ ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോർഡ്സിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങളെ ബൗണ്ടറി കടത്തി കോലി രോഹിത്തിനെ ആലിംഗനം ചെയ്തു.
ചായക്ക് തൊട്ടു മുമ്പ് ഇഷാന്ത് ശർമയുടെ പന്തിൽ ജോണി ബെയർസ്റ്റോ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായപ്പോഴായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തിയ ആ നിമിഷം. ഇഷാന്തിന്റെ പന്തിൽ ബെയർസ്റ്റോ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും അമ്പയർ ഔട്ട് വിളിച്ചില്ല. ഡിആർസ് വിളിക്കണോ എന്ന് സംശയിച്ചു നിന്ന കോലി ഒടുവിൽ അർധമനസോടെ ഡിആർഎസ് എടുത്തു. റിവ്യൂവിൽ ബെയർസ്റ്റോ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെന്ന് ഉറപ്പായപ്പോഴായിരുന്നു കോലിയുടെ ആവേശപ്രകടനം. ബെയർസ്റ്റോയുടെ ആ വിക്കറ്റാണ് കളിയിലെ വഴിത്തിരിവായതും.
വിക്കറ്റ് വീണതിന്റെ ആവേശത്തിൽ മുഷ്ടിചുരുട്ടി മുന്നോട്ടുപോകുന്നതിനിടെയാണ് കോലി തിരിഞ്ഞു നിന്ന് പിന്നിൽ നടന്നുവരികയായിരുന്ന രോഹിത്തിന്റെ അടുത്തെത്തി അദ്ദേഹത്തെ അലിംഗനം ചെയ്തത്. ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ നിമിഷമെന്നായിരുന്നു കോലിയുടെ ആലിംഗനത്തെക്കുറിച്ച് ആരാധകരുടെ കമന്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!