IND vs NZ | വീണ്ടുമൊരു ഓപ്പണിംഗ് വിളയാട്ടം; രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍ സഖ്യത്തിന് റെക്കോര്‍ഡ്

By Web TeamFirst Published Nov 18, 2021, 11:03 AM IST
Highlights

ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ഇരുവരും നല്‍കിയത്

ജയ്‌പൂര്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20യില്‍(IND vs NZ 1st T20I) ടീം ഇന്ത്യ(Team India) അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍(Rohit Sharma- KL Rahul) സഖ്യത്തിന് റെക്കോര്‍ഡ്. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ 50 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ച താരങ്ങള്‍ എന്ന റെക്കോര്‍ഡാണ്(12 തവണ) ഇരുവരും സ്വന്തമാക്കിയത്. 11 തവണ അമ്പത് റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ച ശിഖര്‍ ധവാന്‍റെയും(Shikhar Dhawan) രോഹിത് ശര്‍മ്മയുടേയും പേരിലായിരുന്നു മുമ്പ് റെക്കോര്‍ഡുണ്ടായിരുന്നത്. 

ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ഇരുവരും നല്‍കിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മിച്ചല്‍ സാന്‍റ്‌നര്‍ എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യ 50 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചിരുന്നു. രാഹുല്‍ 14 പന്തില്‍ 15 റണ്‍സ് നേടിയപ്പോള്‍ രോഹിത് 36 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 48 റണ്‍സെടുത്താണ് മടങ്ങിയത്.  

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്(40 പന്തില്‍ 62) ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ അഞ്ചിനും വെങ്കടേഷ് അയ്യര്‍ നാലിനും പുറത്തായപ്പോള്‍ റിഷഭ് പന്തും(17*) അക്‌സര്‍ പട്ടേലും(1*) ഇന്ത്യയെ 19.4 ഓവറില്‍ ജയത്തിലെത്തിച്ചു. 

ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റിനാണ് 164 റണ്‍സെടുത്തത്. 42 പന്തില്‍ 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 50 പന്തില്‍ 63 റണ്‍സെടുത്ത ചാപ്‌മാനുമാണ് കിവികളെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും രവിചന്ദ്ര അശ്വിനും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്‌ത്തി. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. 

ന്യൂസിലന്‍ഡ് താരങ്ങള്‍ക്കും റെക്കോര്‍ഡ് 

അതേസമയം ന്യൂസിലന്‍ഡും മത്സരത്തില്‍ ബാറ്റിംഗ് റെക്കോര്‍ഡ് സൃഷ്‌ടിച്ചു. രണ്ടാം വിക്കറ്റില്‍ 109 റണ്‍സ് ചേര്‍ത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും ചാപ്‌മാനും ഇന്ത്യക്കെതിരെ ടി20യില്‍ ഏത് വിക്കറ്റിലേയും കിവികളുടെ ഉയര്‍ന്ന കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡിട്ടു. 107 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്ന കോളിന്‍ മണ്‍റോ-മാര്‍ട്ടിന്‍ ഗുപ്റ്റില്‍ സഖ്യത്തിന്‍റെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്. 

IND vs NZ ‌| എന്തൊരു ഷോട്ട്! ട്രെന്‍ഡ് ബോള്‍ട്ടിനെ പറപ്പിച്ച് രോഹിത് ശര്‍മ്മയുടെ പുള്‍ സിക്‌സര്‍- വീഡിയോ

click me!