അഹമ്മദാബാദില്‍ ഇന്ന് അവസാന അങ്കം, പരമ്പര പിടിക്കാന്‍ ഇന്ത്യയും കിവീസും

By Web TeamFirst Published Feb 1, 2023, 9:45 AM IST
Highlights

പൃഥ്വി ഷായ്ക്ക് ഇന്ത്യ അവസരം നൽകിയാൽ ശുഭ്മാൻ ഗിൽ രാഹുൽ ത്രിപാഠി എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും. ഫോമിലല്ലെങ്കിലും വിക്കറ്റ് കീപ്പറായതിനാൽ ഇഷാൻ കിഷൻ തുടരും. യുസ്‍വേന്ദ്ര ചഹലിന് പകരം ഉമ്രാൻ മാലിക്കിനെയും പരിഗണിക്കുന്നുണ്ട്.

അഹമ്മദാബാദ്: ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി20 ഇന്ന് അഹമ്മദാബാദിൽ നടക്കും. വൈകീട്ട് ഏഴിനാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. അഹമ്മദാബാദിൽ മുഖാമുഖം വരുമ്പോൾ ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും ന്യുസീലൻഡും. ഏകദിനത്തിന് പിന്നാലെ ടി 20 പരമ്പരയും സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

എന്നാല്‍ അഹമ്മദാബാദിൽ ജയിച്ച് ടി20 പരമ്പര നേടി ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന്‍റെ ക്ഷീണം തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ന്യൂസിലൻഡ്. പക്ഷേ, കിവീസിന് അതത്ര എളുപ്പമായിരിക്കില്ല. അവസാന പത്തുവർഷത്തിനിടെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും മാത്രമേ ഇന്ത്യയിൽ ടി20 പരമ്പര നേടിയിട്ടുള്ളൂ. 55 പരമ്പരകളിൽ 47ലും ഇന്ത്യക്കായിരുന്നു ജയം.

ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ പൊരിക്കുക ആരായിരിക്കും; പേരുമായി മുന്‍ സെലക്‌‌ടര്‍

പൃഥ്വി ഷായ്ക്ക് ഇന്ത്യ അവസരം നൽകിയാൽ ശുഭ്മാൻ ഗിൽ രാഹുൽ ത്രിപാഠി എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും. ഫോമിലല്ലെങ്കിലും വിക്കറ്റ് കീപ്പറായതിനാൽ ഇഷാൻ കിഷൻ തുടരും. യുസ്‍വേന്ദ്ര ചഹലിന് പകരം ഉമ്രാൻ മാലിക്കിനെയും പരിഗണിക്കുന്നുണ്ട്.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ ഓൾറൗണ്ട് മികവ് ഇന്ത്യക്ക് കരുത്താവും. കിവീസ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല. അഹമ്മദാബാദിലെ വിക്കറ്റ് ബാറ്റർമാരെ തുണയ്ക്കുന്നതിനാൽ ഉയർന്ന സ്കോർ പ്രതീക്ഷിക്കാം.

മത്സരത്തിന് അനുകൂലമായ സാഹചര്യമായിരിക്കും അഹമ്മദാബാദിലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പുനല്‍കുന്നു. മഴയ്ക്ക് നേരിയ സാധ്യത പോലുമില്ല. 15 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യല്‍ വരെയാണ് അഹമ്മദാബാദിലെ താപനില.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ/ ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍.

click me!