ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ പൊരിക്കുക ആരായിരിക്കും; പേരുമായി മുന്‍ സെലക്‌‌ടര്‍

By Web TeamFirst Published Jan 31, 2023, 10:04 PM IST
Highlights

കുല്‍ദീപിനെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഉള്‍പ്പെടുത്തണം എന്നും മുന്‍ സെലക്‌ടര്‍ സുനില്‍ ജോഷി 

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്‌‌ട്രേലിയന്‍ ടെസ്റ്റ് ടീം ഇന്ത്യയിലേക്ക് പുറപ്പെട്ടതേയുള്ളൂ. ഇതിനകം പരമ്പരയുടെ ആവേശം ഉയര്‍ന്നുകഴിഞ്ഞു. സമീപകാലത്ത് തിരിച്ചുവരവില്‍ ഗംഭീര പ്രകടനം തുടരുന്ന സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യന്‍ സ്‌‌ക്വാഡിലുണ്ട്. കുല്‍ദീപിന്‍റെ പ്രകടനം പരമ്പരയില്‍ നിര്‍ണായകമാകും എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ സെലക്‌ടര്‍ സുനില്‍ ജോഷി. കുല്‍ദീപിനെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഉള്‍പ്പെടുത്തണം എന്നും അദേഹം വ്യക്തമാക്കി. 

'രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ ആദ്യ സ്‌പിന്‍ ഓപ്‌ഷനെങ്കില്‍, രവീന്ദ്ര ജഡേജ ലഭ്യമല്ലെങ്കില്‍ കളിപ്പിക്കേണ്ടത് കുല്‍ദീപ് യാദവിനെയും അക്‌സര്‍ പട്ടേലിനേയുമാണ്. ജഡേജ പരമ്പരയ്ക്ക് ലഭ്യമാവുകയാണെങ്കില്‍ കുല്‍ദീപ് അടക്കം മൂന്ന് സ്‌പിന്നര്‍മാരാണ് കളിക്കേണ്ടത്. വേദികള്‍ സ്‌പിന്നര്‍മാരെ ഏത് തരത്തില്‍ സ്വാധീനിക്കും എന്നല്ല പരിഗണിക്കേണ്ടത്. കുല്‍ദീപ് വിക്കറ്റെടുക്കുന്നതാണ് പരിഗണനാ വിഷയമാവേണ്ടത്. വൈറ്റ് ബോളിലായാലും റെഡ് ബോളിലായാലും 30 വാരയ്ക്കുള്ളിലാണ് കുല്‍ദീപ് അടുത്തിടെ നേടിയ മിക്ക വിക്കറ്റുകളും. ലൈനിലും ലെങ്‌തിലും സ്ഥിരത കൈവരിക്കുന്നതിന്‍റെ പ്രത്യേകതയാണിത്. ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പിക്കുമെങ്കില്‍ കുല്‍ദീപ് നിര്‍ണായക പങ്ക് വഹിക്കും. ഏകദിന ലോകകപ്പില്‍ രവീന്ദ്ര ജഡേജയെ ഞാന്‍ സ്‌ക്വാഡിലേക്ക് പരിഗണിക്കും. അദേഹം മികച്ച ഫിറ്റ്‌നസിലും ഫോമിലും അല്ലേല്‍ അക്‌സറിനെ കളിപ്പിക്കണം. വാഷിംഗ്‌ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി എന്നിവരെയും ശ്രദ്ധിക്കും. ഒരു ലെഗ് സ്‌പിന്നറെ കൂടെ വേണമെങ്കില്‍, ബിഷ്‌ണോയിക്കാണ് കൂടുതല്‍ സ്ഥിരത. ബിഷ്‌ണോയിയുടെ കൈകള്‍ക്ക് കൂടുതല്‍ വേഗവും ചാഹലിനേക്കാള്‍ മികച്ച ഫീല്‍ഡറുമാണ്' എന്നും സുനില്‍ ജോഷി കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ(ഫിറ്റ്‌നസ്), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.   

ഓസ്‌ട്രേലിയക്കെതിരെ ജഡേജ കളിക്കുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബിസിസിഐ

click me!