നാലാം ടി20 നാളെ; സഞ്ജുവിന് അവസരം ഒരുങ്ങുമോ; കോലിയുടെ പരീക്ഷണങ്ങള്‍ക്ക് സാധ്യതകളിങ്ങനെ

By Web TeamFirst Published Jan 30, 2020, 6:40 PM IST
Highlights

വെല്ലിംഗ്‌ടണില്‍ നടക്കുന്ന നാലാം ടി20യില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്ക് കോലി മുതിര്‍ന്നേക്കും എന്നാണ് സൂചനകള്‍

വെല്ലിംഗ്‌ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കും. വെല്ലിംഗ്‌ടണിൽ ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നാണ് മത്സരം. ആദ്യ മൂന്ന് മത്സരവും ജയിച്ച ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഓക്‌ലന്‍ഡിലും ഹാമിൽട്ടണിലുമാണ് കഴിഞ്ഞ മത്സരങ്ങള്‍ നടന്നത്.

വെല്ലിംഗ്‌ടണില്‍ സഞ്ജു കളിക്കുമോ? അവസരം കാത്ത് പന്തും

പരമ്പര ഇതിനോടകം ജയിച്ചതിനാല്‍ കോലി പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കും. ബൗളിംഗ് നിരയിൽ മാറ്റത്തിന് സാധ്യതയുണ്ട്. പേസര്‍ നവ്ദീപ് സൈനി, സ്‌പിന്നര്‍ വാഷിംഗ്‌ടൺ സുന്ദര്‍ എന്നിവരെ പരിഗണിച്ചേക്കും. മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തും അവസരം കാത്ത് ടീമിനു പുറത്തുണ്ട്. മുന്‍നിരയിലെ നാല് ബാറ്റ്സ്‌മാന്‍മാരില്‍ ആര്‍ക്കെങ്കിലും ഇന്ത്യ വിശ്രമം അനുവദിച്ചാല്‍ ഇരുവര്‍ക്കും വഴിതെളിയും. എന്നാല്‍ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുല്‍ തുടര്‍ന്നാല്‍ പന്ത് വീണ്ടും പുറത്തിരിക്കേണ്ടിവരും.

ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ടി20യില്‍ സൂപ്പര്‍ ഓവറില്‍ ജയിച്ചാണ് ടീം ഇന്ത്യ പരമ്പര നേടിയത്. സൂപ്പര്‍ ഓവറിലെ 18 റണ്‍സ് വിജയലക്ഷ്യം രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ചേര്‍ന്ന് അവസാന പന്തില്‍ അടിച്ചെടുത്തു. അവസാന രണ്ട് പന്തിലും സിക്‌സര്‍ പറത്തിയാണ് രോഹിത് ജയം സമ്മാനിച്ചത്. നേരത്തെ ഇരു ടീമും 179 റണ്‍സെടുത്ത് സമനില പാലിക്കുകയായിരുന്നു. ഒരുവേള കിവീസ് ജയിക്കുമെന്ന് തോന്നിച്ചെങ്കിലും പേസര്‍ മുഹമ്മദ് ഷമിയുടെ അവസാന ഓവറാണ് മത്സരം ത്രില്ലര്‍ സമനിലയിലാക്കിയത്. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.  

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്രൂസ്, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്കോട്ട് കുഗ്ലെജന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി.  
 

click me!