ഓക്‌ലന്‍ഡില്‍ ആളിക്കത്തി കിവീസ്; മൂന്ന് ഫിഫ്റ്റി; ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

By Web TeamFirst Published Jan 24, 2020, 2:05 PM IST
Highlights

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി മണ്‍റോയും വില്യംസണും ടെയ്‌ലറും അര്‍ധ സെഞ്ചുറി നേടി. 

ഓക്‌ലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്‌ടിലും കോളിന്‍ മണ്‍റോയും തുടക്കമിട്ട വെടിക്കെട്ട് ടെയ്‌ലറും വില്യംസണും ആളിക്കത്തിച്ചപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 204  റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി മണ്‍റോയും വില്യംസണും ടെയ്‌ലറും അര്‍ധ സെഞ്ചുറി നേടി. 

മണ്‍റോ- ഗപ്‌ടില്‍; അടിവാങ്ങി ഇന്ത്യന്‍ ബൗളര്‍മാര്‍

ഓക്‌ലന്‍ഡില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയാണ് കോളിന്‍ മണ്‍റോയും മാര്‍ട്ടിന്‍ ഗപ്‌ടിലും തുടങ്ങിയത്. ഇതോടെ ആദ്യ വിക്കറ്റില്‍ 80 റണ്‍സ് പിറന്നു. മാര്‍ട്ടിന്‍ ഗപ്‌ടിലാണ് ആദ്യം പുറത്തായത്. 19 പന്തില്‍ 30 റണ്‍സെടുത്ത ഗപ്റ്റിലിനെ ശിവം ദുബേ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. 

അര്‍ധ സെഞ്ചുറി വീറുമായി മണ്‍റോ

കൂട്ടിന് കെയ്‌ന്‍ വില്യംസണ്‍ എത്തിയതോടെ മണ്‍റോ അര്‍ധ സെഞ്ചുറി തികച്ചു. 12-ാം ഓവറില്‍ താക്കൂര്‍ പുറത്താക്കുമ്പോള്‍ 42 പന്തില്‍ 59 റണ്‍സ് നേടിയിരുന്നു മണ്‍റോ. നാലാമനായെത്തിയ ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഹോമിന് രണ്ട് പന്തിന്‍റെ ആയുസേ ഇന്ത്യ നല്‍കിയുള്ളൂ. ജഡേജയുടെ പന്തില്‍ ദുബെ ഗ്രാന്‍ഹോമിനെ പിടികൂടി. എന്നാല്‍ വില്യംസണ്‍-ടെയ്‌ലര്‍ സഖ്യം അവസാന ഓവറുകളില്‍ മാലപ്പടക്കത്തിന് തിരികൊളുത്തി. 

ടെയ്‌ലര്‍- വില്യംസണ്‍; വാലറ്റത്തും ചൂടന്‍ അടി

വെറും 25 പന്തില്‍ നിന്ന് വില്യംസണ്‍ 50 തികച്ചു. പക്ഷേ, തൊട്ടടുത്ത പന്തില്‍ വില്യംസണെയും(26 പന്തില്‍ 51) അടുത്ത ഓവറില്‍ സീഫെര്‍ട്ടിനെയും(1) മടക്കി ഇന്ത്യ തിരിച്ചടിച്ചു. ചാഹലിനും ബുമ്രക്കുമായിരുന്നു വിക്കറ്റ്. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച ടെയ്‌ലര്‍ ന്യൂസിലന്‍ഡിനെ 200 കടത്തി. ടെയ്‌ലര്‍ 27 പന്തില്‍ 54 റണ്‍സും സാന്‍റ്‌നര്‍ രണ്ട് പന്തില്‍ 2 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്നായിരുന്നു ടെയ്‌ലറുടെ ഫിഫ്റ്റിയും.  

മലയാളി താരം സ‍ഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ഋഷഭ് പന്തിനെ പുറത്തിരുത്തിയപ്പോള്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കാത്തത്. വാഷിംഗ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, നവ്‌ദീപ് സെയ്‌നി എന്നിവരും ഇന്ത്യന്‍ ഇലവനിലില്ല. 

click me!