1983ലെ ഏകദിന ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യ 18 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നപ്പോൾ കപിൽ ദേവ് നേടിയ 175 റൺസിനോടാണ് സൂര്യയുടെ ഈ പ്രകടനത്തെ ശ്രീകാന്ത് ഉപമിച്ചത്.

ചെന്നൈ: അമേരിക്കക്കെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയ നായകൻ സൂര്യകുമാർ യാദവിനെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. വാംഖഡെയിലെ കടുപ്പമേറിയ പിച്ചിൽ സൂര്യ കളിച്ചത് ഒരു 'ക്യാപ്റ്റൻസ് ഇന്നിംഗ്‌സ്' ആണെന്നും തന്‍റെ കോട്ടയായ മുംബൈയിൽ താനാണ് രാജാവെന്ന് സൂര്യ തെളിയിച്ചെന്നും ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

1983ലെ ഏകദിന ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യ 18 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നപ്പോൾ കപിൽ ദേവ് നേടിയ 175 റൺസിനോടാണ് സൂര്യയുടെ ഈ പ്രകടനത്തെ ശ്രീകാന്ത് ഉപമിച്ചത്. താൻ പുറത്തായാൽ ഇന്ത്യ തോൽക്കുമെന്ന് സൂര്യയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞില്ല. 25 പന്തിൽ 25 റൺസ് എന്ന നിലയിൽ വളരെ പക്വതയോടെയാണ് അദ്ദേഹം തുടങ്ങിയത്. ഇത് സാധാരണ നമ്മൾ കാണുന്ന സൂര്യയുടെ ശൈലിയല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ഒരു ക്യാപ്റ്റന്‍റെ ശൈലിയാണെന്നും ശ്രീകാന്ത് പറഞ്ഞു.

സൂര്യ ഇന്നിംഗ്‌സ് കെട്ടിപ്പടുത്ത രീതിയെ ശ്രീകാന്ത് രസകരമായി വിവരിച്ചു. ഒരിക്കൽ 30 റൺസ് പിന്നിട്ടാൽ ബാറ്റിംഗ് എളുപ്പമാകും. 30 കഴിഞ്ഞപ്പോൾ പന്ത് ഒരു വോളീബോൾ പോലെയും, 40 കഴിഞ്ഞപ്പോൾ ഫുട്ബോൾ പോലെയും, 50 പിന്നിട്ടപ്പോൾ ഒരു ബാസ്കറ്റ്ബോൾ പോലെയുമാണ് സൂര്യയ്ക്ക് തോന്നിയത്. അതുകൊണ്ടാണ് അർധസെഞ്ച്വറിക്ക് ശേഷം അദ്ദേഹത്തിന്‍റെ ഒരു ഷോട്ട് പോലും ടൈമിംഗ് തെറ്റാതിരുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

മലർന്നു കിടന്ന് സിക്സറുകൾ പായിക്കുന്ന വിഖ്യാത താരം രൊഹാൻ കൻഹായിയെ സൂര്യ ഓർമ്മിപ്പിച്ചുവെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. സൗരഭ് നേത്രവാൽക്കറെ പോലുള്ള ബൗളർമാരെ സൂര്യ കൈകാര്യം ചെയ്ത രീതി അതിമനോഹരമായിരുന്നു. മത്സരത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്ത ഏക ഇന്ത്യൻ താരം സൂര്യയാണെന്നും ശ്രീകാന്ത് പറഞ്ഞു.

മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ 49 പന്തിൽ 10 ഫോറും നാലു സിക്സും പറത്തി 84 റണ്‍സെടുത്ത സൂര്യയാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 2025-ലെ മോശം ഫോമിന് ശേഷമുള്ള സൂര്യയുടെ ശക്തമായ തിരിച്ചുവരവാണ് ഈ വർഷം കണ്ടത്. സൂര്യയുടെ ഈ ഫോം വരും മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നും ശ്രീകാന്ത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക