രണ്ടാം ടെസ്റ്റില്‍ കോലിയെ വീഴ്ത്താനുള്ള തന്ത്രം വെളിപ്പെടുത്തി നീല്‍ വാഗ്നര്‍

By Web TeamFirst Published Feb 26, 2020, 6:38 PM IST
Highlights

ഓരോ ടീമിനെതിരെ കളിക്കുമ്പോഴും അവരുടെ മികച്ച ബാറ്റ്സ്മാനെ പുറത്താക്കാനാണ് ഞാന്‍ ശ്രമിക്കാറുളളത്. മികച്ച ബാറ്റ്സ്മാനെ പുറത്താക്കുന്നതിലൂടെ എതിരാളികളെ കനത്ത സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നും വാഗ്നര്‍

ക്രൈസ്റ്റ്‌ചര്‍ച്ച്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുറത്താക്കാനുള്ള തന്ത്രം വെളിപ്പെടുത്തി കിവീസ് പേസര്‍ നീല്‍ വാഗ്നര്‍. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന വാഗ്നര്‍ രണ്ടാം ടെസ്റ്റില്‍ കിവീസിന്റെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുമെന്നാണ് കരുതുന്നത്.

ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും പരാജയപ്പെട്ട കോലി രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കോലിയെ റണ്ണെടുക്കാന്‍ അനുവദിക്കാതിരുന്നാല്‍ കനത്ത സമ്മര്‍ദ്ദത്തിലാവുമെന്നും വിക്കറ്റ് വീഴ്ത്താന്‍ എളുപ്പമാവുമെന്നും വാഗ്നര്‍ പറഞ്ഞു. ഓരോ ടീമിനെതിരെ കളിക്കുമ്പോഴും അവരുടെ മികച്ച ബാറ്റ്സ്മാനെ പുറത്താക്കാനാണ് ഞാന്‍ ശ്രമിക്കാറുളളത്. മികച്ച ബാറ്റ്സ്മാനെ പുറത്താക്കുന്നതിലൂടെ എതിരാളികളെ കനത്ത സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നും വാഗ്നര്‍ പറഞ്ഞു.

ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ വാഗ്നര്‍ക്ക് കോലിക്കെതിരെ മികച്ച റെക്കോര്‍ഡാണുള്ളത്. എതിരെ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ മൂന്ന് തവണ വാഗ്നര്‍ കോലിയെ പുറത്താക്കിയിട്ടുണ്ട്. വാഗ്നറുടെ 108 പന്തില്‍ കോലിക്ക് 60 റണ്‍സ് മാത്രമെ നേടാനായിട്ടുള്ളു. 2014ലാണ് ടെസ്റ്റില്‍ വാഗ്നര്‍ കോലിയെ ആദ്യം വീഴ്ത്തിയത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്റ്റീവ് സ്മിത്തിനെ തുടര്‍ച്ചയായി പുറത്താക്കിയും വാഗ്നര്‍ മികവ് കാട്ടിയിരുന്നു.

Also Read: ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈവിട്ട് വിരാട് കോലി

ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ കോലിക്കായിട്ടില്ല. ടി20യിലും ഏകദിനത്തിലും ടെസ്റ്റിലുമായി ഇതുവരെ കളിച്ച 9 ഇന്നിംഗ്സുകളില്‍ നിന്ന് 201 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ രണ്ടും രണ്ടാം ഇന്നിംഗ്സില്‍ 19 ഉം റണ്‍സെടുത്ത് കോലി പുറത്തായിരുന്നു. ഈ മാസം 29ന് ക്രൈസ്റ്റ്ചര്‍ച്ചിലാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ്.

click me!