
കൊളംബോ: ടി20 ലോകകപ്പിൽ അട്ടിമറി വിജയവുമായി സിംബാബ്‌വെ. ഗ്രൂപ്പ് ബി പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ 23 റണ്‍സിനാണ് സിബാബ്‌വെ വീഴ്ത്തിയത്. സ്ലോ പിച്ചില്‍ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 19.3 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ 65 റണ്‍സെടുത്ത മാറ്റ് റെഷൻഷായും 32 പന്തില്‍ 31 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്‌വെല്ലും മാത്രമാണ് ഓസീസ് നിരയില്‍ പൊരുതിയത്. 17 റണ്‍സെടുത്ത ക്യാപ്റ്റൻ ട്രാവിസ് ഹെഡ് ആണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. സിംബാബ്‌വെക്കായി നാലു വിക്കറ്റെടുത്ത ബ്ലെസിംഗ് മുസറബാനിയും മൂന്ന് വിക്കറ്റെടുത്ത ബ്രാഡ് ഇവാന്‍സും ചേര്‍ന്നാണ് ഓസീസിനെ എറിഞ്ഞിട്ടത്.
ആദ്യ മത്സരത്തില്‍ ഒമാനെ തോല്‍പിച്ച സിംബാബ്‌വെ ജയത്തോടെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ച ഓസീസിന് ശ്രീലങ്കക്കും ഒമാനുമെതിരായ മത്സരങ്ങള്‍ നിര്‍ണായകമായി. അയര്‍ലന്‍ഡിനും ശ്രീലങ്കക്കുമെതിരെയാണ് സിംബാബ്‌വെയുടെ ഇനിയുള്ള മത്സരങ്ങള്‍. സ്കോര്‍ സിംബാബ്‌വെ 20 ഓവറില്‍ 169-2, ഓസ്ട്രേലിയ 19.3 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ട്.
170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കം മുതലേ പിഴച്ചു. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ നാല് മുൻനിര വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ ജോഷ് ഇംഗ്ലിസ്(8), ക്യാപ്റ്റൻ ട്രാവിസ് ഹെഡ്(17) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ കാമറൂൺ ഗ്രീനും, ടിം ഡേവിഡും അക്കൗണ്ട് തുറക്കാതെ മടങ്ങി. മാക്സ്‌വെല്ലും റെന്‍ഷായും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 59 പന്തില്‍ 77 റണ്‍സെടുത്ത് ഓസീസിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും മാക്സ്‌വെല്‍ ബൗള്‍ഡായി മടങ്ങിയതിന് പിന്നാലെ മാര്‍ക്കസ് സ്റ്റോയ്നിസും(6) ഓസീസ് തോല്‍വി ഉറപ്പിച്ചു. അവസാന ഓവറുകളില്‍ റെന്‍ഷായും വീണതോടെ ഓസീസിന്‍റെ അവസാന പ്രതീക്ഷയും നഷ്ടമായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 20 ഓവറിൽ 169/2 എന്ന സ്കോറാണ് നേടിയത്. വെറും രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോർ എന്ന അപൂർവ്വ റെക്കോർഡും ഈ ഇന്നിംഗ്സോടെ സിംബാബ്‌വെയുടെ പേരിലായി. ബ്രയാൻ ബെന്നറ്റ് പുറത്താകാതെ 56 പന്തില്‍ 64 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ മറുമാനി(21 പന്തില്‍ 35), റ്യാന്‍ ബുരി(30 പന്തില്‍ 35) ക്യാപ്റ്റൻ സിക്കന്ദര്‍ റാസ(13 പന്തില്‍ 25*) എന്നിവരും സിംബാബ്‌വെക്കായി തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!